ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണൻ അന്തരിച്ചു

(ചിത്രം) തിരുവനന്തപുരം: മലയാള സിനിമയെ ദൃശ്യകാവ്യമായി തിരശ്ശീലയിൽ എത്തിച്ച പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ് ണൻ (61) അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ രാത്രി 7.30ഓടെയായിരുന്നു അന്ത്യം. ഭാര്യക്കും മകൾക്കുമൊപ്പം പട്ടം മരപ്പാലത്തെ വീട്ടിലേക്ക് പോകുന്നതിനിെട കാറിൽവെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന സർക്കാറിൻെറ പുരസ്‌കാരം ഏഴുതവണ നേടിയ മലയാള സിനിമയുടെ 'എം.ജെ', കളിയാട്ടം, ദേശാടനം, കരുണം, തീർഥാടനം, കണ്ണകി, പരിണാമം, കൂട്ട്, മകള്‍ക്ക്, നാല് പെണ്ണുങ്ങള്‍, ഗുല്‍മോഹര്‍, വിലാപങ്ങള്‍ക്കപ്പുറം, പേരറിയാത്തവര്‍, കാടുപൂക്കുന്ന നേരം, ഓള് തുടങ്ങി വിദേശ ഭാഷയിലടക്കം 75ഓളം ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ചിട്ടുണ്ട്. എൻ.എൻ. ബാലകൃഷ്ണനൊപ്പം സ്റ്റിൽ ഫോട്ടോഗ്രാഫറായാണ് സിനിമയിലെത്തിയത്. പിന്നീട് സംവിധായകൻ ഷാജി എൻ. കരുണിൻെറ കാമറ അസിസ്റ്റായി. രാജീവ് അഞ്ചൽ സംവിധാനം ചെയ്ത 'അമ്മാനംകിളി'യാണ് ആദ്യമായി സ്വതന്ത്ര കാമറാമാനായ ചിത്രം. 1996ൽ ജയരാജിൻെറ ദേശാടനത്തിലൂടെ ആദ്യ സംസ്ഥാന അവാർഡ്. 99ൽ കരുണത്തിനും 2007ൽ അടയാളങ്ങൾക്കും 2008ൽ ബയോസ്കോപ്പിനും 2010ൽ വീട്ടിലേക്കുള്ള വഴിക്കും 2011ൽ ആകാശത്തിൻെറ നിറത്തിനും സംസ്ഥാന സർക്കാറിൻെറ അംഗീകാരം നേടി. 2017ൽ ഡോ. ബിജുവിൻെറ കാടുപൂക്കുന്ന നേരത്തിലൂടെയാണ് ഏഴാമത്തെ പുരസ്കാരം. ഷാജി എന്‍. കരുണ്‍ ഒരുക്കിയ 'ഓള്' ആണ് അവസാന ചിത്രം. 1999ലെ കാൻ മേളയിൽ മരണസിംഹാസനം എന്ന ചിത്രത്തിലൂടെ രാധാകൃഷ്ണൻ ഗോൾഡൻ കാമറ അവാർഡും 2008ല്‍ സൗത്ത് ഏഷ്യന്‍ ഇൻറര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡും സ്വന്തമാക്കി. പുനലൂർ തൊളിക്കോട് ശ്രീനിലയത്തിൽ ജനാർദനൻവൈദ്യരുടെയും പി. ലളിതയുടെയും മകനാണ്. ഭാര്യ: ശ്രീലത. മക്കന്‍: യദുകൃഷ്ണൻ, നീരജ കൃഷ്ണൻ. എം.ജെ. രാധാകൃഷ്ണൻെറ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സിനിമ മികച്ച ദൃശ്യാനുഭവമാക്കുന്നതിൽ അദ്ദേഹത്തിൻെറ സംഭാവനകൾ ശ്രദ്ധേയമായിരുന്നെന്ന് അദ്ദേഹം സന്ദേശത്തിൽ അനുസ്മരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.