വർക്കല എസ്​.ആർ മെഡിക്കൽ​ കോളജ്​'വാടക രോഗി'കളുടെ ദൃശ്യം പുറത്തുവിട്ടതിന്​ വിദ്യാർഥികൾക്ക്​ നോട്ടീസ്​

തിരുവനന്തപുരം: മെഡിക്കൽ കൗൺസിലിനെ കബളിപ്പിക്കാൻ രോഗികളെ വാടകക്കെടുത്ത് കൊണ്ടുവരുന്ന ദൃശ്യങ്ങൾ പുറത്തുവന ്നതിന് പിന്നാലെ വിദ്യാർഥികൾക്കെതിരെ പ്രതികാര നടപടികളുമായി വർക്കല എസ്.ആർ മെഡിക്കൽ കോളജ്. ആറ് വിദ്യാർഥികൾക്ക് കോളജ് അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നൽകി. മെഡിക്കൽ കൗൺസിൽ പരിശോധന തടസ്സപ്പെടുത്താൻ ശ്രമിച്ചു, അനധികൃതമായി വിഡിയോ പകർത്തി തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് കാരണം കാണിക്കൽ നോട്ടീസ്. വിദ്യാർഥികൾ ഹൈകോടതിയിൽ നൽകിയ ഹരജിയിലാണ് കോളജിൽ പരിശോധന നടത്താൻ മെഡിക്കൽ കൗൺസിൽ സംഘമെത്തിയത്. എന്നാൽ, ഒരു വിഭാഗം വിദ്യാർഥികളെ മാത്രമാണ് കൗൺസിൽ സംഘത്തെ കാണാൻ അനുവദിച്ചത്. പൊലീസ് കാവലൊരുക്കിയാണ് മെഡിക്കൽ കൗൺസിൽ സംഘത്തിൻെറ പരിശോധന നടത്തിയത്. കോളജിൽ അധ്യാപകരും രോഗികളും ഇല്ലെന്നും കൗൺസിൽ പരിശോധന സമയത്ത് പണം കൊടുത്താണ് ഇവരെയെത്തിക്കുന്നതെന്നുമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെയാണ് വിദ്യാർഥികൾക്കെതിരെ കോളജ് പ്രതികാര നടപടി ആരംഭിച്ചത്. എന്നാൽ, കോളജിൽ പരിശോധനക്ക് വന്ന മെഡിക്കൽ കൗൺസിൽ സംഘത്തെ യാഥാർഥ്യം ബോധ്യപ്പെടുത്താൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും കാരണം കാണിക്കൽ നോട്ടീസിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിദ്യാർഥികൾ നൽകിയ മറുപടിയിൽ പറയുന്നു. വിഡിയോയും ഫോേട്ടാഗ്രാഫിയും പകർത്തിയത് കോളജ് മാനേജ്മൻെറ് നടത്തുന്ന അധാർമിക പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരാനാണ്. ഇവ മെഡിക്കൽ കൗൺസിലിന് കൈമാറിയിട്ടുണ്ടെന്നും വിദ്യാർഥികളുടെ മറുപടിയിൽ പറയുന്നു. കാരണം കാണിക്കൽ നോട്ടീസ് തങ്ങളെ കുറ്റക്കാരാക്കാനുള്ള ശ്രമമാണെന്നും നന്നായി പ്രവർത്തിക്കുന്ന മറ്റ് കോളജുകളിലേക്ക് തങ്ങളെ മാറ്റണമെന്ന ആവശ്യം കോടതിയുടെ പരിഗണനയിലാണെന്നും മറുപടിയിൽ വിദ്യാർഥികൾ വ്യക്തമാക്കിയിട്ടുണ്ട്. പ്രിൻസിപ്പൽ ഡോ.കെ.ഇ. രാജനും അസോ. ഡീനും അച്ചടക്ക കമ്മിറ്റി കൺവീനറുമായ ഡോ.എം.എൻ. രമയുമാണ് കാരണം കാണിക്കൽ നോട്ടീസിൽ ഒപ്പിട്ടത്. പ്രിൻസിപ്പൽ കോളജിൽ ഹാജരാകാതെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നതിൻെറ രേഖകൾ കഴിഞ്ഞ ദിവസം വിദ്യാർഥികൾ പുറത്തുവിട്ടിരുന്നു. എസ്.ആർ മെഡിക്കൽ കോളജിനാവശ്യമായ കെട്ടിടം പണിയുന്നതിന് അനുമതി നൽകിയിട്ടില്ലെന്ന് ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്കുള്ള മറുപടി നൽകിയതും വിദ്യാർഥികൾ പുറത്തുവിട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.