കോർപറേഷനിലെ പോര്: സി.പി.എം സി.പി.െഎക്ക് കത്ത് നൽകി * കെ.എം.സി.എസ്.യുവിൻെറ നടപടിയിൽ സി.പി.എം ജില്ല കമ്മിറ്റിക്ക് അത ൃപ്തി തിരുവനന്തപുരം: കോർപറേഷനിൽ ഇടതനുകൂല സർവിസ് സംഘടനയും എൽ.ഡി.എഫിൻെറ രണ്ട് കൗൺസിലർമാരും തമ്മിലുള്ള പോരിൽ സി.പി.എം, സി.പി.െഎ നേതൃത്വം ഇടപെടുന്നു. എൽ.ഡി.എഫ് ഭരണസമിതിയെ പ്രതിസന്ധിയിലാക്കിയ നടപടി ചൂണ്ടിക്കാട്ടി സി.പി.എം സംസ്ഥാനനേതൃത്വം സോളമൻ വെട്ടുകാടിന് എതിരെ സി.പി.െഎ സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകി. വ്യാഴാഴ്ച സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, വി. ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ പാർട്ടി ചെയർപേഴ്സൻമാരുടെയും ഏരിയ സെക്രട്ടറിമാരുടെയും യോഗം വിളിച്ച് ചർച്ച ചെയ്തു. സി.പി.െഎയുടെ അഞ്ച് പേർ ഉൾപ്പെടെ എൽ.ഡി.എഫിൻെറ 42 കൗൺസിലർമാരും മാറിനിന്നപ്പോൾ സോളമൻ വെട്ടുകാടും പാളയം രാജനും പ്രതിപക്ഷ സമരത്തിനൊപ്പം ചേർന്നതിൽ സി.പി.എം വിളിച്ച യോഗത്തിൽ രൂക്ഷവിമർശനമാണ് ഉയർന്നത്. ബി.ജെ.പിയുടെ കൈയിലെ കോടാലി ആയി മാറുകയായിരുന്നു സോളമനെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. ഭരണപക്ഷത്തെ രണ്ട് കൗൺസിലർമാരെയും വ്യക്തിപരമായി തേജോവധം ചെയ്യുന്ന തരത്തിൽ സംസാരിച്ച കെ.എം.സി.എസ്.യു നേതൃത്വത്തിൻെറ നടപടി അംഗീകരിക്കാനാവില്ലെന്ന വികാരവും ഉയർന്നു. മേയർക്ക് സംഘടന നേതൃത്വം നൽകിയ പരാതിയിലെ ചില പദപ്രയോഗം ഗൗരവമായി എടുക്കുമെന്ന് ആനാവൂർ നാഗപ്പൻ അറിയിച്ചു. അടുത്തദിവസം തന്നെ സി.പി.എം ജില്ല നേതൃത്വം സംഘടനാനേതൃത്വത്തെ വിളിച്ച് വരുത്തി വിശദീകരണം തേടും. പാളയം രാജന് എതിരായ അധിക്ഷേപത്തിൽ സി.പി.എം കൗൺസിലർമാർക്കിടയിൽതന്നെ അമർഷമുണ്ട്. കൗൺസിൽ യോഗത്തിൽ ആരോപണം ഉന്നയിച്ച കൗൺസിലർമാർെക്കതിരെ സി.പി.എം അനുകൂല സംഘടനയായ കെ.എം.സി.എസ്.യു പ്രകടനവും പ്രതിഷേധയോഗവും നടത്തിയതാണ് കോർപറേഷനിലെ പ്രശ്നത്തിന് തുടക്കം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.