24 മണിക്കൂറും നഗരത്തിൽ വെള്ളം; പദ്ധതിക്ക് കേന്ദ്രത്തിൻെറ പ്രാഥമികാനുമതി തിരുവനന്തപുരം: തലസ്ഥാനനഗരത്തിൽ 24 മണി ക്കൂറും നിലയ്ക്കാതെ ജലവിതരണ സംവിധാനം ഒരുക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്രത്തിൻെറ തത്ത്വത്തിലുള്ള അംഗീകാരം. എ.ഡി.ബിയുടെ സഹായത്തോടെ ഏഴ് വർഷം കൊണ്ട് പൂർത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് 1250 കോടിയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിലെ കുടിവെള്ളപ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുക എന്നതാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ പൂർണമായും മാറ്റിസ്ഥാപിക്കും. നഗരത്തിൽ അടിക്കടിയുണ്ടാകുന്ന കുടിവെള്ളം മുടങ്ങിലിന് കാരണം പൈപ്പ് പൊട്ടലാണ്. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മർദവ്യത്യാസത്തിൽ ചോർച്ചയുണ്ടാവുകയും ക്രമേണ പൊട്ടിയൊഴുകുകയും ചെയ്യുന്ന സംഭവങ്ങൾ സമീപകാലത്ത് വർധിച്ചിരുന്നു. ഇത്തരം ജലവിതരണക്കുഴലുകൾ മാറ്റിസ്ഥാപിക്കുന്നേതാടെ പ്രശ്നം പരിഹരിക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതോടൊപ്പം ഉൽപാദനവുമായി ബന്ധപ്പെട്ട സ്രോതസ്സുകളിൽ ആവശ്യമായ പുനരുദ്ധാരണപ്രവർത്തനങ്ങളും പദ്ധതിയിലുണ്ട്. വരുമാനരഹിതമായി നഷ്ടപ്പെടുന്ന വെള്ളത്തിൻെറ (എൻ.ആർ.ഡബ്ലിയു) അളവ് കുറയ്ക്കാനുള്ള നടപടികളാണ് മറ്റൊന്ന്. ജലചോർച്ചയും ജലമോഷണവുമടക്കം കാരണങ്ങളാണ് വരുമാനരഹിതമായി നഷ്ടപ്പെടുന്ന ജലത്തിൻെറ അളവ് കൂടുന്നത്. കണക്കുകൾ പ്രകാരം പ്രതിദിനം ജലഅതോറിറ്റി ഉൽപാദിപ്പിക്കുന്ന മൊത്തം വെള്ളത്തിൽ 40 ശതമാനവും കണക്കിൽപെടാതെ നഷ്പ്പെടുകയാണ്. 2950-3000 മില്യൻ ലിറ്റർ (എം.എൽ.ഡി) വെള്ളമാണ് ഒരു ദിവസം ഉൽപാദിപ്പിക്കുന്നത് (പത്ത് ലക്ഷം ലിറ്ററാണ് ഒരു മില്യൺ ലിറ്റർ). ഈ കണക്ക് പ്രകാരം മൊത്തം ഉൽപാദനത്തിൽനിന്ന് 1050 മില്യൻ ലിറ്റർ ഒരു ദിവസം വരുമാനരഹിതജലമായി നഷ്ടപ്പെടുന്നുണ്ട്. ഒരു മില്യൻ ലിറ്റർ വെള്ളത്തിന് 15000 രൂപയാണ് അതോറിറ്റി വിലയായി നിശ്ചയിച്ചിട്ടുള്ളത്. 1050 മില്യൺ ലിറ്റർ ഈ ഇനത്തിൽ കണക്കിൽപെടാതെ പോകുന്നതോടെ 1.57 കോടി രൂപയാണ് ജലഅതോറിറ്റിയുടെ ഈ ഇനത്തിലെ പ്രതിദിന നഷ്ടം. ഇൗ പ്രശ്നം പരിഹരിക്കുന്നത് വിതരണശൃംഖലകളെ മേഖലകളായി തിരിച്ച് ഡി.എം.എ (ഡിസ്ട്രിക്ട് മീറ്ററിങ് ഏരിയ) സ്ഥാപിച്ച് ജലവിതരണം കൂടുതൽ കാര്യക്ഷമമാക്കുന്ന സംരംഭവും 24 x 7 പദ്ധതിയിലുണ്ട്. പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ നിലവിലെ ചോർച്ച ദേശീയശരാശരിയായ 20 ശതമാനത്തിലേക്ക് താഴുമെന്നാണ് കണക്കാക്കുന്നത്. ഇതോടൊപ്പം മർദനനിയന്ത്രണ ഉപകരണങ്ങളും ഫ്ലോമീറ്ററുകളും എല്ലാ മേഖലയിലും സ്ഥാപിക്കും. സ്കാഡ (സൂപ്പർവൈസറി കൺട്രോൾ ആൻഡ് ഡാറ്റാ അക്വിസിഷൻ) േപാലുള്ള സാേങ്കതികവിദ്യ ഉപയോഗിച്ച് ജലവിതരണ സംവിധാനം നിയന്ത്രിക്കാനും തീരുമാനമുണ്ട്. നിലവിലുള്ള വാട്ടർ മീറ്ററുകൾ നവീകരിക്കുന്നതിനൊപ്പം വിതരണശൃംഖലയുടെ സർവേ നടത്തി ജി.െഎ.എസ് മാപ്പ് തയാറാക്കാനും ആേലാചനയുണ്ട്. അരുവിക്കരക്കായി അമൃത് നഗരത്തിലേക്ക് വെള്ളമെത്തുന്നത് അരുവിക്കരയിലെ ജലസംഭരണിയിൽനിന്നാണ്. കടുത്ത വേനൽകാലത്തും മറ്റും ഇവിടെയുള്ള വെള്ളത്തിൻെറ അളവ് കുറയുന്ന ഘട്ടത്തിൽ പേപ്പാറ ഡാമിൽനിന്നുള്ള ജലം കരമന നദി വഴി അരുവിക്കര ഡാമിൽ എത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനുള്ള ബദൽ ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ നെയ്യാർ ഡാമിനടുത്തായി 120 എം.എൽ.ഡി ശേഷിയുള്ള ശുദ്ധീകരണശാല നിർമിക്കാനുള്ള പദ്ധതിയും ജലവകുപ്പിൻെറ സജീവ പരിഗണനയിലുണ്ട്. 120 എം.എൽ.ഡിയിൽ 100 എം.എൽ.ഡി ശുദ്ധജലം നഗരത്തിലേക്കും 20 എം.എൽ.ഡി മാറനല്ലൂർ, വിളപ്പിൽ, വിളവൂർക്കൽ പഞ്ചായത്തുകളിലേക്കും നൽകുകയാണ് ലക്ഷ്യം. ഇതിന് പുറമെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി അരുവിക്കരയിൽ 75 എം.എൽ.ഡി ശേഷിയുള്ള ജലശുദ്ധീകരണശാലയുടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. 70 കോടി ചെലവിലാണ് നിർമാണം. ഇൗ വർഷം ഡിസംബറോടെ പദ്ധതി യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.