കിളിമാനൂർ: നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ റോഡ് ഉദ്ഘാടനത്തിന് വിളിച്ചുചേർത്ത സ്വാഗതസംഘ യോഗം നാട്ടുകാര ുടെ പ്രതിഷേധത്തെ തുടർന്ന് അലസിപ്പിരിഞ്ഞു. യോഗത്തിൽ പങ്കെടുത്ത ഭരണകക്ഷിയിൽ ഉൾപ്പെട്ട സി.പി.ഐ അംഗത്തിൻെറ പ്രതിക്ഷേധത്തോടെയാണ് നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് ഉദ്ഘാടന തീയതിക്ക് മുമ്പ് ബാക്കിയുള്ള പണികൾ പൂർത്തിയാമെന്ന് പി.ഡബ്ല്യു.ഡി അധികൃതർ അറിയിച്ചു. രണ്ട് വർഷം മുമ്പ് ആരംഭിച്ച പുതിയകാവ്-പോങ്ങനാട്-തകരപ്പറമ്പ് റോഡിൻെറ ഉദ്ഘാടനത്തോടനുബന്ധിച്ച യോഗമാണ് അലസിപ്പിരിഞ്ഞത്. 5.24 കോടി രൂപ ചെലവഴിച്ചാണ് അഞ്ച് കിലോമീറ്റർ ദൂരം റീ-ടാറിങ് നടത്താൻ ടെൻഡർ നൽകിയത്. റോഡിൽ പൂർണമായും ഓട, ബസ്ബേ, കലുങ്കുകൾ, പുതിയകാവ് മുതൽ രാജാ രവിവർമ ഹയർ സെക്കൻഡറി സ്കൂൾ കവല വരെ കുട്ടികൾക്കായി നടപ്പാത അടക്കമുള്ളവ നിർമിക്കണമെന്ന് ടെൻഡറിൽ ഉണ്ടായിരുന്നു. ടാറിങ്ങിൽപോലും പലയിടത്തും പ്രതിഷേധം ഉണ്ടായി. അനധികൃതമായി കൈയേറിയ ഭൂമി പിടിച്ചെടുത്തെങ്കിലും സ്വകാര്യ വ്യക്തികൾ ഇതേഭൂമി വീണ്ടും കൈയേറി മതിൽ നിർമിച്ചു. പോങ്ങനാട് കവലയിൽ സി.പി.എമ്മിൻെറ പഴയ പാർട്ടി ഓഫിസ് പ്രവർത്തിക്കുന്ന സ്ഥലം പുറമ്പോക്കാണെന്ന് കണ്ടെത്തിയിട്ടും തിരിച്ചുപിടിച്ച് റോഡ് വീതി കൂട്ടാൻ അധികൃതർ തയാറായില്ല. നിർമാണ പ്രവർത്തികളിൽ അഴിമതി നടന്നുവെന്ന വ്യക്തമായ ആക്ഷേപത്തെ തുടർന്നാണ് ബുധനാഴ്ച വൈകുന്നേരം ചേർന്ന യോഗം ഭരണകക്ഷിയിൽപെട്ട സി.പി.െഎ അംഗങ്ങൾ യോഗത്തിൽ പ്രതിഷേധ കുറിപ്പ് നൽകിയത്. പ്രതിഷേധമുണ്ടാകുമെന്നറിഞ്ഞ എം.എൽ.എ യോഗത്തിൽ പങ്കെടുത്തില്ല. അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജീനയർ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻറ് എഡ്. രാജലക്ഷ്മി അമ്മാൾ, വൈസ് പ്രസിഡൻറ് എ. ദേവദാസ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രകാശ്, സി.പി.ഐ എൽ.സി സെക്രട്ടറി ധനപാലൻ നായർ, ബി.എസ് റജി, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. കമ്മിറ്റി രൂപവത്കരിക്കാൻ കഴിയാത്തതോടെ റോഡിലെ പ്രശ്ന മേഖലകൾ എ.എക്സ്.സി അടക്കമുള്ളവർ സഞ്ചരിച്ച് വിലയിരുത്തി. ഉദ്ഘാടത്തിന് മുമ്പ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് എ.എക്സ്.ഇ ഉണ്ണികൃഷ്ണൻ മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.