വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ മാക്ട തെരഞ്ഞെടുപ്പ്

കൊച്ചി: ബഹിഷ്കരണത്തിനും വാക്കേറ്റത്തിനും സാക്ഷ്യംവഹിച്ച് മലയാള സിനി ടെക്നീഷ്യൻസ് അസോസിയേഷൻ (മാക്ട) ഭരണസമിതി തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനെതിരെ മുമ്പ് കേസ് നൽകിയ സെക്രട്ടറി ഷാജി പാണ്ഡവത്ത് ഉള്‍പ്പെടെ 21പേർ സ്ഥലത്തേക്ക് മുദ്രാവാക്യം മുഴക്കി എത്തിയതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. കോടതിവിധിയും ചട്ടങ്ങളും ലംഘിച്ചാണ് തെരഞ്ഞെടുപ്പെന്ന് ആരോപിച്ച് അവർ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ഇതേതുടർന്നുണ്ടായ വാക്കേറ്റം നേരിയ സംഘർഷത്തിന് വഴിവെച്ചു. എറണാകുളം മുൻസിഫ് കോടതിയില്‍ കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തതായും ഷാജി പാണ്ഡവത്ത് പറഞ്ഞു. ജനറല്‍ ബോഡി യോഗത്തിലും ഇതേ വിഷയത്തില്‍ ബഹളമുണ്ടായി. തെരഞ്ഞെടുപ്പിന് 20 ദിവസം മുമ്പ് അംഗങ്ങള്‍ തപാല്‍ വോട്ടിനുള്ള അപേക്ഷ നല്‍കണമെന്നാണ് വ്യവസ്ഥ. നിലവിലെ ഭരണസമിതി ഇത് 30 ദിവസമാക്കി നീട്ടിയെന്ന് ആരോപിച്ച് സെക്രട്ടറി ഷാജി പാണ്ഡവത്ത് മുന്‍സിഫ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹരജിയിലെ അന്തിമ വിധിയനുസരിച്ച് മാത്രമെ തെരഞ്ഞെടുപ്പ് നടക്കാൻ പാടുള്ളൂവെന്ന് ഉത്തരവിലുള്ളതായി ചൂണ്ടിക്കാണിച്ചതോടെ വാക്കേറ്റമുണ്ടായി. നടപടിക്രമങ്ങള്‍ക്ക് വിധേയമായി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോടതി ഉത്തരവിലുള്ളതെന്ന് നിലവിലെ ജനറല്‍ സെക്രട്ടറി സംവിധായകന്‍ ഷാജൂണ്‍ കാര്യാല്‍ യോഗത്തില്‍ പറഞ്ഞു. അപാകതകൾ പരിഹരിക്കാന്‍ തയാറാണെന്ന് ഭരണസമിതി കോടതിയെ അറിയിച്ചതിനാലാണ് തെരഞ്ഞെടുപ്പിന് അനുമതി കിട്ടിയത്. മാക്ടയില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിലവില്‍ വന്നതുമുതല്‍ 2016 വരെ എല്ലാ അംഗങ്ങളും 30 ദിവസം മുമ്പാണ് പോസ്റ്റല്‍ വോട്ടിന് അപേക്ഷ നല്‍കിയിരുന്നത്. 2016ലാണ് 20 ദിവസമാക്കിയത്. എന്നാല്‍, ജനറല്‍ ബോഡി ഇത് ഭേദഗതി ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.ജി. ജോര്‍ജിന് സാംസ്‌കാരിക ക്ഷേമനിധിയുടെ പ്രതിമാസ പെന്‍ഷന്‍ അടിയന്തരമായി നല്‍കാനുള്ള നടപടി സംസ്ഥാന ക്ഷേമനിധി ബോര്‍ഡ് കൈക്കൊള്ളണമെന്ന് വാര്‍ഷികയോഗം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.