തിരുവനന്തപുരം: പിണറായി വിജയനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചതിനാണ് ആർ. മോഹനനെ അദ്ദേഹത്തിൻെറ പ്രൈവറ്റ് സെക് രട്ടറിയാക്കിയതെന്ന് സി.ആർ. നീലകണ്ഠൻ, കെ.എം. ഷാജഹാൻ എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പിണറായിയുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിലെത്തിയ ഹരജിക്ക് സത്യവാങ്മൂലം നൽകിയത് ആദായ നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന മോഹനനായിരുന്നു. പിണറായിയുടെ മകനുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി പരിശോധിക്കാതെ അനുകൂല റിപ്പോർട്ട് നൽകുകയായിരുന്നു. കളമശ്ശേരിയിലെ സ്വാശ്രയ കോളജിൽ പഠനം പൂർത്തിയാക്കിയ പിണറായിയുടെ മകൻ ടാറ്റാ ടെലിസർവിസസ്, ഹോട്ടൽ ലീല, അബൂദബി എന്നിവിടങ്ങളിൽ ജോലി ചെയ്തു. അതിനുശേഷം ബർമിങ്ഹാം യൂനിവേഴ്സിറ്റിൽ രണ്ടുവർഷം പഠനം നടത്തി. കുടുംബത്തിൻെറ പണം ഉപയോഗിച്ചിട്ടില്ലെന്നാണ് പറയുന്നത്. അവിടെ ഏതാണ്ട് 84 ലക്ഷം പഠനത്തിന് ചെലവായിട്ടുണ്ടെന്നാണ് വി.എസ്. അച്യുതാനന്ദൻ നേരത്തേ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ, പിണറായിയുടെ മകൻെറ പാസ്പോർട്ട് പോലും പരിശോധിക്കാതെയാണ് 2007ൽ മോഹനൻ റിപ്പോർട്ട് നൽകിയത്. 2008ൽ പ്രത്യക്ഷ നികുതി ബോർഡിന് നൽകിയ റിപ്പോർട്ടിലാകട്ടെ മകനുമായി ബന്ധപ്പെട്ട കാര്യത്തിൽ അന്വേഷണം നടക്കുന്നുവെന്നായിരുന്നു മറുപടി. പിണറായി വിജയൻ നൽകിയ സത്യവാങ്മൂലം അതേപടി നൽകി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും സി.ആർ. നീലകണ്ഠൻ പറഞ്ഞു. കോടതിയിലെ നടപടിക്രമങ്ങൾ വിവരാവകാശനിയമം അനുസരിച്ച് പുറത്തുകൊണ്ടുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.