വലിയതുറ: ശക്തമായ കടലാക്രമണത്തിൽ അഞ്ചുവീടുകള്‍ തകര്‍ന്നു. നിരവധി വീടുകള്‍ അപകടഭീഷണിയില്‍. ഞായറാഴ്ച വൈകുന്നേര ത്തോടെയാണ് പൂന്തുറ മുതല്‍ വേളിവരെയുള്ള തീരപ്രദേശത്തേക്ക് തിരമാലകള്‍ ശക്തിയായി അടിച്ചുകയറാന്‍ തുടങ്ങിയത്. വീടുകള്‍ തകര്‍ന്നിട്ടും റവന്യൂ അധികൃതര്‍ തീരത്തേക്ക് തിരിഞ്ഞ് നോക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം. കുഴിവിളാകം, വലിയതുറ, ചെറിയതുറ, മേഖലകളിലാണ് ശക്തമായ തിരമാലകള്‍ തീരത്തേക്ക് അടിച്ചുകയറി നിരവധി വീടുകളും തീരത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന ഉപകരണങ്ങളും തകര്‍ന്നത്. വലിയതുറ ഭാഗത്തെ സില്‍സണ്‍, ജോയ് ഡേവിഡ്, റീത്ത, ജേക്കബ് നിക്കോളാസ്, ഫിലോജന എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ഇവരുടെ വീടുകള്‍ക്ക് പിന്നിലെ നിരയിലെ നിരവധി വീടുകളിലേക്ക് വെള്ളം കയറി. ഇതോടെ കുഞ്ഞുങ്ങളുമായി വീടിന് പുറത്തേക്ക് ഇറങ്ങിയെങ്കിലും മഴയത്ത് എങ്ങോട്ട് പോകണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു പല കുടുംബങ്ങളും. ഫോണിലൂടെ നാട്ടുകാര്‍ റവന്യൂ അധികൃതരെ വിവരം അറിയിച്ചുവെങ്കിലും രാത്രി വൈകിയും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് പരാതിയുണ്ട്. മാസങ്ങള്‍ മുമ്പുണ്ടായ കടലാക്രമണത്തെ തുടര്‍ന്ന് വീടുകള്‍ നഷ്ടമായവര്‍ വലിയതുറയിലെ സ്കൂളുകളില്‍ കഴിയുന്നത് കാരണം തീരദേശത്ത് അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കടലാക്രമണത്തെ ചെറുക്കാനായി നേരത്തേ േക്ല നിറച്ച ചാക്കുകള്‍ തീരത്ത് അടുക്കിയിരുന്നുവെങ്കിലും അതിനെയെല്ലാം തകർത്തെറിഞ്ഞാണ് തിരമാലകള്‍ തീരത്തേക്ക് അടിച്ചുകയറി നാശനഷ്ടങ്ങള്‍ വിതക്കുന്നത്. കാലവര്‍ഷം കനക്കുംമുമ്പേ കടല്‍ കലിതുള്ളി തിരമാലകള്‍ കൂടുതല്‍ തീരത്തേക്ക് അടിച്ചുകയറുന്നതും തീരക്കടലില്‍ ജലം പത്തടിക്ക് മുകളില്‍ ഉയര്‍ന്ന് നില്‍ക്കുന്നതും നാട്ടുകാരെ കൂടുതല്‍ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ തിരമാലകള്‍ ശക്തമായി കടലാക്രമണം തുടങ്ങിയാല്‍ നിരവധി വീടുകളെ കടലെടുക്കുന്ന അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.