തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് വിദേശസഹായം ലഭിച്ചിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. നിയമ സഭയിൽ സി.എഫ്. തോമസ്, പി.ജെ. ജോസഫ്, മോൻസ് ജോസഫ്, ഡോ. എൻ. ജയരാജ് എന്നിവർക്ക് രേഖാമൂലം നൽകിയ മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കൊല്ലം ജനുവരി 28ന് നൽകിയ ചോദ്യത്തിന് നാലുമാസത്തിന് ശേഷമാണ് മറുപടി നൽകിയത്. വിദേശസഹായം ഉറപ്പാക്കാൻ മുഖ്യമന്ത്രിക്ക് മാത്രമാണ് േകന്ദ്രം വിദേശയാത്രാനുമതി നൽകിയത്. മന്ത്രിമാരുടെ യാത്രക്ക് അനുമതി നൽകിയിരുന്നില്ല. അതേസമയം, പ്രളയ പുനർനിർമാണത്തിന് സഹായം തേടാൻ മുഖ്യമന്ത്രി നടത്തിയ ഗൾഫ് യാത്രക്ക് യാത്രക്കൂലി ഇനത്തിൽ ചെലവായത് 372731 രൂപയാണെന്ന് വി.ടി. ബൽറാമിൻെറ ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നൽകി. മുഖ്യമന്ത്രിയെ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളേങ്കാവനാണ് അനുഗമിച്ചത്. ഇരുവരുടെയും യാത്രാചെലവാണിത്. പുറമെ ഡി.എ ആയി 750 ഡോളറും ചെലവായെന്നും മറുപടിയിൽ പറയുന്നു. ചോദ്യം ഉന്നയിച്ച് നാല് മാസത്തിന് ശേഷമാണ് ഇൗ മറുപടിയും നൽകിയത്. സന്ദർശനത്തിൻെറ അടിസ്ഥാനത്തിൽ എത്ര തുക ഗൾഫ് രാജ്യങ്ങളിൽനിന്ന് സംഭാവനയായി ലഭിച്ചുവെന്ന ചോദ്യത്തിന് കൃത്യമായി മറുപടി നൽകിയിട്ടില്ല. പുനർനിർമാണം സംബന്ധിച്ച ചർച്ചകൾക്കും അതിന് വിദേശമലയാളികളിൽ നിന്നുൾപ്പെടെ സാമ്പത്തിക-സാേങ്കതിക സഹായങ്ങൾക്കും (ക്രൗഡ് ഫണ്ടിങ് ഉൾപ്പെടെ)അഭ്യർഥിക്കുന്നതിനാണ് യാത്ര നടത്തിയതെന്ന് മറുപടിയിൽ വിശദീകരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 111 കോടി രൂപ ലഭിച്ചിട്ടുണ്ട്. തെലങ്കാന, ആന്ധ്ര, യു.പി, ജമ്മു-കശ്മീർ, ബംഗാൾ, നാഗാലാൻഡ്, മിസോറം, ഒഡിഷ, ഹിമാചൽ, ഗുജറാത്ത് സംസ്ഥാനങ്ങൾ പണം നൽകി. സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3228.25 കോടി രൂപ ലഭിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് സർക്കാറിത സംഭാവനകൾ പ്രത്യേകമായി ക്രോഡീകരിച്ചിട്ടില്ലെന്നും മറുപടിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.