മണ്ണിനെയും മരത്തെയും സംരക്ഷിച്ച് കൽപ്പടി കണ്ണൻ

ബാലരാമപുരം: ഒരുമരം മുറിച്ചാൽ പകരം അവിടെ പത്തു മരം വെച്ച് സംരക്ഷിക്കണമെന്ന മുത്തച്ഛൻ ഗണപതിയുടെ വാക്കുകൾ പ്രാവ ർത്തികമാക്കി മണ്ണിനെയും മരത്തെയും സംരക്ഷിച്ച് കൊണ്ട് കൽപ്പടി കണ്ണൻ എന്ന നാൽപതുകാരൻ. ബാലരാമപുരം തെക്കേകുളം ലെയിനിൽ കൽപ്പടിയിൽ വീട്ടിൽ കൽപ്പടി കണ്ണൻെറ പ്രകൃതി സ്നേഹത്തിന് പതിറ്റാണ്ടുകളുടെ പഴക്കം. രണ്ടര ഏക്കർ സ്ഥലത്തിനുള്ളിൽ മണ്ണിനെയും മരത്തെയും സംരക്ഷിക്കുകയാണിദ്ദേഹം. മുന്നൂറിലെറെ വൃക്ഷം ഇതിനുള്ളിലുണ്ട്. രണ്ടര ഏക്കർ സ്ഥലത്തിനുള്ളിൽ അപൂർവയിനം വൃക്ഷങ്ങളുടെയും ഔഷധങ്ങളുടെയും നീണ്ടനിരതെന്നയുണ്ട്. കെട്ടിടം നിർമിക്കുന്നതുപോലും മരങ്ങളെ സംരക്ഷിച്ചുകൊണ്ടാണ്. കാടുണ്ടാക്കി സംരക്ഷിക്കുക എന്നതാണ് കണ്ണൻെറ ലക്ഷ്യം. കല്യാണ മണ്ഡപം, ലോഡ്ജ്, കുട്ടികൾക്ക് കളിക്കുന്നതിനുള്ള പാർക്ക് തുടങ്ങിയവ ഇതിനുള്ളിലുണ്ട്. വിവിധ സ്ഥലങ്ങളിൽനിന്ന് കൊണ്ടുവന്നിട്ടുള്ള നൂറിലെറെ അപൂർവയിനം ഔഷധസസ്യങ്ങൾ, മരങ്ങൾ, ഫലവൃക്ഷങ്ങൾ, 28 നക്ഷത്രമരങ്ങൾ, രുദ്രാക്ഷമരം, ചന്ദനം, തേക്ക്, ഈട്ടി, ദേവദാരു, പതിമുഖം, ഭദ്രാക്ഷം, ആത്തി, മുള്ളാത്ത, അശോകം, റംബുട്ടാൻ, മാവ്, പ്ലാവ്, ഇന്തോനേഷ്യൻ തെറ്റി തുടങ്ങിയ മരങ്ങളുടെ വലിയ നിരതന്നെ ഇവിടെയുണ്ട്. രാവിലെ തുടങ്ങുന്ന മരങ്ങളുടെ സംരക്ഷണം മണിക്കൂറുകളോളം തുടരും. ഇത് എല്ലാ ദിവസത്തെയും പ്രത്യേകതയാണ്. മണ്ണിനെ സംരക്ഷിച്ച് സ്ഥലത്തിൻെറ നിലക്കനുസരിച്ച് മരങ്ങളെ നശിപ്പിക്കാതെ വിവിധമാണ് കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളത്. വെള്ളം സംരക്ഷിക്കുന്നതിനായി മഴക്കുഴികളും കുളവും ഇവിടെയുണ്ട്. മഴവെള്ളത്തെ സംരക്ഷിക്കുന്നത് കൊണ്ട് ഇവിടെ വെള്ളത്തിന് ഒരു കുറവും വന്നിട്ടില്ല. എന്നാൽ, ഈ വെള്ളം മരങ്ങൾക്കും കൃഷിക്കും ആവശ്യമായതരത്തിൽ വിവിധ ഘട്ടങ്ങളിലായി ശുചീകരിച്ച് ഉപയോഗിക്കുന്നുണ്ട്. നിരവധി മഴക്കുഴികളും കുളവും ഇവിടെയുണ്ട്. കൽപ്പടിയിൽ മണ്ഡപത്തിന് വേണ്ടി പ്രത്യേകം തയാറാക്കിയ കെട്ടിടമുണ്ടെങ്കിലും കല്യണത്തിനും മറ്റ് സൽക്കാര പരിപാടികൾക്കും വരുന്നവർക്ക് പ്ലാസ്റ്റിക് ഉൽപന്നങ്ങളോ ഡിസ്പോസിബിളുകളോ ഉപയോഗിക്കാൻ പാടില്ലെന്ന നിബന്ധനയോടെയാണ് സ്ഥലവും നൽകുന്നത്. പ്ലാസ്റ്റിക്കിനെ ഇവിടെനിന്ന് പൂർണമായും ഒഴിവാക്കിയാണ് പ്രവർത്തനം. ഇനിയും നൂറുകണക്കിന് മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ് കണ്ണൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.