കോര്‍പറേഷൻെറ നേതൃത്വത്തില്‍ പരിസ്ഥിതിവാരം ആചരിക്കും തിരുവനന്തപുരം: മാലിന്യസംസ്‌കരണം ഊര്‍ജിതമാക്കാനുള്ള പദ്ധതികളുമായി കോര്‍പറേഷൻെറ നേതൃത്വത്തില്‍ പരിസ്ഥിതിവാരം ആചരിക്കും. അഞ്ച് മുതല്‍ 11 വരെയാണ് പരിസ്ഥിതി വാരാചരണം സംഘടിപ്പിക്കുന്നതെന്ന് മേയര്‍ വി.കെ. പ്രശാന്ത് വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ജൈവമാലിന്യസംസ്‌കരണത്തിനുള്ള സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി അഞ്ച് മുതല്‍ 10 വരെ പാളയം കണ്ണിമേറാ മാര്‍ക്കറ്റിനു മുന്‍വശം കമ്പോസ്റ്റിങ് മേള സംഘടിപ്പിക്കും. 25 ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫിസുകളിലും ബയോകമ്പോസ്റ്റര്‍ കിയോസ്‌ക്കുകളും ആരംഭിക്കും. ഇതിലൂടെ ബയോകമ്പോസ്റ്റര്‍ കിച്ചണ്‍ ബിന്നുകളും ഇന്നോക്കുലവും ലഭ്യമാക്കും. കരിയിലകള്‍ ശേഖരിച്ച് എയ്‌റോബിക് ബിന്നുകളില്‍ കമ്പോസ്റ്റിങ്ങിനായി പ്രയോജനപ്പെടുത്തുന്നതിന് കരിയിലപ്പെട്ടികള്‍ സ്ഥാപിക്കുന്നതിൻെറ ഉദ്ഘാടനം ആറിന് നടക്കും. അജൈവ മാലിന്യം നിക്ഷേപിക്കുന്നതിന് പ്രധാന സ്ഥലങ്ങളില്‍ മാലിന്യം വേര്‍തിരിച്ച് ശേഖരിക്കുന്ന കേന്ദ്രങ്ങള്‍ തുറക്കും. കൂടിക്കിടക്കുന്ന മാലിന്യം തരംതിരിച്ച് ശേഖരിച്ച് വൃത്തിയാക്കി പരിപാലനം ചെയ്യുന്ന മഹാശുചീകരണ കാമ്പയിന്‍ എട്ടിനും ഇന്‍ഡസ് സൈക്ലിങ് എംബസിയുടെ നേതൃത്വത്തില്‍ സൈക്കിള്‍റാലി ഒമ്പതിനും നടക്കും. പ്ലാസ്റ്റിക്, ട്യൂബ്‌ലൈറ്റ്, സി.എഫ്.എല്‍, ബള്‍ബ് എന്നിവയുടെ ശേഖരണം ഒമ്പതിന് രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 വരെ നഗരസഭയുടെ മെറ്റീരിയല്‍ റിക്കവറി കേന്ദ്രങ്ങളിലും എട്ട് പ്രത്യേക കേന്ദ്രങ്ങളിലും നടക്കും. ഇവയുടെ പട്ടിക സ്മാര്‍ട്ട് ട്രിവാന്‍ഡ്രം മൊബൈല്‍ ആപ്പില്‍ ലഭിക്കും. മാലിന്യവും കരിയിലയും കത്തിക്കുന്നത് ഒഴിവാക്കുന്നതിനായി കോര്‍പറേഷന്‍ ശുചീകരണവിഭാഗം ജീവനക്കാര്‍ക്കുള്ള ബോധവത്കരണ സെമിനാര്‍ 10നും പാതയോരങ്ങളിലെ വൃക്ഷങ്ങളിലെ കമ്പി, പ്ലാസ്റ്റിക്, കയര്‍ എന്നിവ ഒഴിവാക്കുന്നതിനുള്ള ഹരിതസേനയുടെ കാമ്പയില്‍ 11നും കോര്‍പറേഷന്‍ നടപ്പാക്കുന്ന ശുചീകരണ-മാലിന്യ പരിപാലന പരിപാടികളുടെ പ്രദര്‍ശനം 11നും നടക്കും. പരിസ്ഥിതി ദിനാചരണം സമാപനസമ്മേളനവും നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാര്‍ക്കുള്ള വാക്കിടോക്കി സംവിധാനം, സ്വകാര്യ സെപ്‌റ്റേജ് വാഹനങ്ങള്‍ക്കുള്ള ലൈസന്‍സിങ്, പരിഷ്‌കരിച്ച സ്മാര്‍ട്ട് ട്രിവാന്‍ഡ്രം മൊബൈല്‍ ആപ് എന്നിവയുടെ ഉദ്ഘാടനവും 11ന് വൈകീട്ട് നാലിന് വി.ജെ.ടി ഹാളില്‍ നടക്കുമെന്നും ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ. ശ്രീകുമാര്‍, സി. സുദര്‍ശന്‍, എസ്.എസ്. സിന്ധു എന്നിവരും വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.