നാളികേര വികസന കൗൺസിലിൻെറ പദ്ധതി ഈ വർഷം തുടങ്ങും തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വാർഡുകളിലും 75 വീതം ഗുണമേന്മയ ുള്ള തെങ്ങിൻതൈകൾ വിതരണം ചെയ്യുന്ന പദ്ധതി ഈ വർഷം മുതൽ ആരംഭിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. മുഖ്യമന്ത്രി അധ്യക്ഷനായി രൂപവത്കൃതമായ സംസ്ഥാന നാളികേര വികസന കൗൺസിലിൻെറ തിരുവനന്തപുരത്ത് കൂടിയ യോഗത്തിലാണ് മന്ത്രി ഈ വിവരം അറിയിച്ചത്. 2019 മുതൽ 2029 വരെ പത്തുവർഷം നീളുന്ന വിവിധ ഘട്ടങ്ങളിലൂന്നിയുള്ള വികസന പദ്ധതികളാണ് നാളികേര വികസന കൗൺസിൽ വിഭാവനം ചെയ്യുന്നത്. ആദ്യവർഷം 500 പഞ്ചായത്തുകളിൽ നടപ്പാക്കും. ആറു ലക്ഷം തെങ്ങിൻതൈകൾ ഇതിനായി തയാറാക്കിയിട്ടുണ്ട്. 60:20:20 എന്ന അനുപാതത്തിൽ നെടിയ ഇനം, കുറിയ ഇനം, സങ്കരഇനം തൈകളായിരിക്കും വിതരണം ചെയ്യുക. കൃഷിവകുപ്പ് ഫാമുകൾ, നാളികേര വികസന ബോർഡ്, കാർഷിക സർവകലാശാല, കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം എന്നിവിടങ്ങളിലായിട്ടാണ് വിതരണത്തിനുള്ള തൈകൾ തയാറാക്കിയിട്ടുള്ളത്. അടുത്ത രണ്ട് വർഷം കൊണ്ട് പദ്ധതി മുഴുവൻ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. അടുത്തവർഷം മുതൽ ബാ ർകോഡിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള തൈകളായിരിക്കും വിതരണം ചെയ്യുക. ജൂൺ 12ന് വെള്ളായണി കാർഷിക കോളജിൽ െവച്ച് വിതരണം നടത്തുന്നതായിരിക്കുമെന്നും മന്ത്രി അറിയിച്ചു. തെങ്ങിൻെറ ശാസ്ത്രീയ പരിപാലനമുറകൾ, ഏകീകരിച്ചുളള നീര ടെക്നോളജി, മൂല്യവർധന തുടങ്ങിയ ഘടകങ്ങളും കൗൺസിലിൻെറ വികസന പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്നതാണ്. നാളികേരത്തിൻെറ ഉൽപാദനം, വിസ്തീർണം, ഉൽപാദനക്ഷമത എന്നിവ വർധിപ്പിക്കുക എന്നതാണ് വികസന കൗൺസിലിൻെറ പ്രവർത്തന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. രണ്ടാമത് നാളികേര വികസന കൗൺസിലിൻെറ യോഗത്തിൽ കാർഷികോൽപാദന കമീഷണർ ദേവേന്ദ്രകുമാർ സിങ്, ഡയറക്ടർ ഡോ. പി.കെ. ജയശ്രീ, സെക്രട്ടറി ഡോ. രത്തൻ ഖേൽകർ , നാളികേര വികസന ബോർഡ്, കാർഷിക സർവകലാശാല, സി.എസ്.ഐ.ആർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.