തിരുവനന്തപുരം: ശംഖുംമുഖം കടലില്‍ വെള്ളിയാഴ്ച വൈകീട്ട് നടന്ന ആറാട്ടോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് കൊടിയിറങ്ങി. ശനിയാഴ്ച രാവിലെ 9.30ന് ക്ഷേത്രത്തില്‍ ആറാട്ട് കലശം നടക്കും. രാജഭരണകാലത്തെ ആചാരപൊലിമയോടെയായിരുന്നു ആറാട്ട് ഘോഷയാത്ര ആരംഭിച്ചത്. വൈകീട്ട് 4.30ന് മതിലകത്ത് എഴുന്നള്ളിച്ച വിഗ്രഹങ്ങള്‍ക്ക് ദീപമുഴിഞ്ഞ് പ്രദക്ഷിണം നടത്തി. വേല്‍ക്കാര്‍, കുന്തക്കാര്‍, വാളേന്തിയവര്‍, പട്ടമേന്തിയ ബാലകര്‍, പൊലീസിൻെറ ബാൻറ് സംഘം എന്നിവര്‍ ഘോഷയാത്രക്ക് മുന്നേ ഗമിച്ചു. 24 പോറ്റിമാരാണ് മൂന്ന് വാഹനങ്ങള്‍ ചുമന്നത്. ഘോഷയാത്ര പടിഞ്ഞാറെ കോട്ടയിലെത്തിയപ്പോള്‍ ആചാരവെടി ഉയര്‍ന്നു. റോഡിനിരുവശത്തും നിറപറയും നിലവിളക്കും പൂക്കളുമായി ഭക്തര്‍ ആറാട്ടിന് നിവേദ്യമര്‍പ്പിച്ച് വണങ്ങി. വള്ളക്കടവില്‍നിന്ന് വിമാനത്താവളത്തിന് അകത്തുകൂടി ഘോഷയാത്ര ശംഖുംമുഖത്തെത്തി. അവിടെ ആറാട്ട് മണ്ഡപത്തില്‍ വിഗ്രഹങ്ങളെ ഇറക്കിവെച്ചു. തുടര്‍ന്ന് തീരത്ത് പ്രത്യേകം തയാറാക്കിയ മണല്‍ത്തിട്ടയിലെ വെള്ളിത്താലങ്ങളിലേക്ക് വിഗ്രഹങ്ങള്‍ മാറ്റി. ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാടിൻെറയും പെരിയനമ്പി രാധാകൃഷ്ണന്‍ രവിപ്രസാദ്, പഞ്ചഗവ്യത്തുനമ്പി മാക്കരക്കോട് വിഷ്ണു വിഷ്ണു എന്നിവരുടെയും നേതൃത്വത്തില്‍ പൂജകള്‍ക്ക് ശേഷം വിഗ്രഹങ്ങളെ മൂന്നുതവണ സമുദ്രത്തില്‍ ആറാടിച്ചു. വിവിധ അഭിഷേകങ്ങള്‍ക്കുശേഷം പ്രസാദം വിതരണംചെയ്തു. ആറാട്ട് കഴിഞ്ഞ് രാത്രി 10ഒാടെ വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. തന്ത്രിയുടെ നേതൃത്വത്തില്‍ ശ്രീബലിയും കൊടിയിറക്കും നടന്നു. ശനിയാഴ്ച രാവിലെ 10ന് ആറാട്ട് കലശവും രാത്രി ഏഴിന് ശ്രീഭൂതബലിയും നടക്കും. രാവിലെ മൂന്നരമുതല്‍ അഞ്ചുവരെയും ആറര മുതല്‍ ഏഴുവരെയും എട്ടര മുതല്‍ ഒമ്പതുവരെയും ദര്‍ശനം നടത്താം. ഉച്ചക്ക് ആറാട്ട് സദ്യ ഉണ്ടായിരിക്കും. ശ്രീപത്മനാഭസ്വാമി ക്ഷേത്രസമുച്ചയത്തിലെ തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ഇന്ന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.