തിരുവനന്തപുരം: തുമ്പ ബഹിരാകാശ ഗവേഷണകേന്ദ്രത്തിനായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ നിയമനകാര്യങ്ങളിൽ രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്.എസ്.സി ഇവിക്റ്റഡ് ആൻഡ് അഫക്റ്റഡ് പീപ്ൾ ആക്ഷൻ കൗൺസിലിൻെറ നേതൃത്വത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ വി.എസ്.എസ്.സിക്ക് മുന്നിൽ തൊഴിൽയാചന സത്യഗ്രഹം നടത്തി. ആക്ഷൻ കൗൺസിൽ ചെയർമാൻ വേളി വർഗീസ് സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ നിയമനകാര്യങ്ങളിൽ വി.എസ്.എസ്.സി ഉടൻ തീരുമാനമെടുക്കണമെന്ന ഹൈകോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നും മൂന്നാംതലമുറയിലെ പ്രായപരിധി കഴിഞ്ഞവർക്ക് എഴുത്തുപരീക്ഷ ഒഴിവാക്കി നിയമനം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡോ. വിക്രംസാരാഭായിയും നാട്ടുകാരും തമ്മിലുണ്ടാക്കിയ കരാർ 50 വർഷത്തിലേക്ക് കടക്കുമ്പോഴും സാധാരണക്കാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാതിവഴിയിലാണ്. കരാറല്ല വാഗ്ദാനമാണ് അന്ന് നൽകിയതെന്ന് പറഞ്ഞ് ഇപ്പോൾ ഉരുണ്ടുകളിക്കാനാണ് അധികാരികൾ ശ്രമിക്കുന്നത്. എന്നാൽ, ഇതിനെ കോടതിതന്നെ നിശിതമായി വിമർശിച്ചിട്ടുണ്ട്. മൂന്നാംതലമുറയിലെ പ്രായപരിധി കഴിഞ്ഞവർക്ക് സ്ഥിരം നിയമനങ്ങൾക്ക് മുൻഗണന നൽകുമെന്നും മറ്റുള്ളവർക്ക് സ്ഥിരം നിയമനം കിട്ടുന്നതുവരെ കരാർ നിയമനങ്ങൾ നൽകാമെന്നും ആക്ഷൻ കൗൺസിലിന് വി.എസ്.എസ്.സി ഡയറക്ടർ നൽകിയ ഉറപ്പ് പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്റോ എവിക്റ്റീസ് ലേബർ കോൺട്രാക്ട് സഹകരണസംഘം പ്രസിഡൻറ് സെലിൻ സെൽസൺ, സെക്രട്ടറി സൂര്യാമോഹൻ, ആക്ഷൻ കൗൺസിൽ വൈസ് ചെയർമാൻ റോസ് ഡെലീമ, കൺവീനർ ഷീബ, കൊച്ചുവേളി പോൾ, ജോൺ സുരേഷ്, ജോസഫ് ആംബ്രോസ്, വിൻസൻറ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.