തിരുവനന്തപുരം: നഗരത്തിലെ കുറ്റവാളികളെയും സാമൂഹികവിരുദ്ധരെയും കണ്ടെത്താൻ സിറ്റി പൊലീസ് നടത്തിയ വ്യാപക റെയ് ഡിൽ ഗുണ്ടാ ആക്ട് പ്രതിയടക്കം നിരവധി പേർ പിടിയിൽ. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ മാത്രം നിരവധി കേസുകളുള്ള മേനംകുളം പുറമ്പോക്ക് വീട്ടിൽ കൂമ്പൻ സജു എന്ന സജുവിനെയാണ് (30) ഗുണ്ടാ നിയമ പ്രകാരം സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. കഴക്കൂട്ടം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. മദ്യപിക്കുന്നതിന് പണം ആവശ്യപ്പെട്ടത് കൊടുക്കാത്തതിലുള്ള വിരോധം കാരണം മേനംകുളം സ്വദേശിയെ ആക്രമിച്ചതും നേതാജിനഗർ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതും ഉൾപ്പെടെ നിരവധി കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. നഗരത്തിൽ വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ള 32 പേരെ മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തി. വിവിധ വാറൻറ് കേസുകളിൽ പിടികിട്ടാപ്പുള്ളികളായ 30 പേരും കഞ്ചാവ് വിൽപന നടത്തിയ ഒരാളെയും കഞ്ചാവ് ഉപയോഗിച്ചതിന് നാലുപേരെയും പൊതുസ്ഥലത്ത് മദ്യപാനം, മദ്യപിച്ച് ബഹളമുണ്ടാക്കൽ തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ട 11 പേരെയും വാഹന പരിശോധനകളിൽ മദ്യപിച്ച് വാഹനമോടിച്ച 71 പേരെയും അറസ്റ്റ് ചെയ്തു. മോട്ടോർ വാഹന നിയമപ്രകാരം 1415 പേർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികളും സ്വീകരിച്ചു. കഞ്ചാവ് കച്ചവടക്കാരെ പിടികൂടുന്നതിനായി ലോക്കൽ പൊലീസ്, ഷാഡോ പൊലീസ്, ഡോഗ് സ്ക്വാഡ് ഉൾപ്പെടെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഇന്നലെ മിന്നൽപരിശോധനകളും നടത്തി. വരുംദിവസങ്ങളിലും നഗരത്തിലെ കുറ്റവാളികളെയും സാമൂഹികവിരുദ്ധരെയും ലഹരിമരുന്ന് വിൽപനക്കാരെയും പിടികൂടുന്നതിനുള്ള നടപടികൾ ശക്തമാക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ സഞ്ജയ് കുമാർ ഗുരുഡിൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.