എസ്.എഫ്.ഐ നേതാക്കളുടെ വീടിന് നേരെ ആക്രമണം

വിഴിഞ്ഞം: അർധരാത്രി ബൈക്കിലെത്തിയ സംഘം എസ്.എഫ്.ഐ നേതാക്കളുടെ വീട് ആക്രമിച്ചു. ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോ ളജ് വിദ്യാർഥികളായ കല്ലിയൂർ ആർ.സി ചർച്ചിന് സമീപം സച്ചിൻ, വിഴിഞ്ഞം ചൊവ്വര അരുൺ ഭവനിൽ ആര്യ എന്നിവരുടെ വീടുകളാണ് ആക്രമിച്ചത്. ആര്യയുടെ വീടിൻെറ ജനൽപാളികളും മുൻവശത്തെയും പിൻവശത്തെയും വാതിലുകളും അക്രമികൾ അടിച്ചുതകർത്തു. വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന ഭർത്താവിൻെറയും സഹോദരൻെറയും ബൈക്കുകളും അടിച്ചുതകർത്തു. കാര്യവട്ടം യൂനിവേഴ്സിറ്റി കാമ്പസിൽ നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നതിനാൽ സംഭവസമയം ആര്യ വീട്ടിലുണ്ടായിരുന്നില്ല. ഈ സമയം ആര്യയുടെ മാതാപിതാക്കളും ഭർത്താവും സഹോദരനും വീട്ടിലുണ്ടായിരുന്നു. സച്ചിൻെറ വീടിൻെറ ജനൽ ചില്ലുകൾ പൂർണമായും ആക്രമികൾ അടിച്ചുതകർത്തു. മുൻവാതിലിൻെറ പൂട്ട് അടിച്ചുതകർക്കാൻ കഴിയാതെവന്നപ്പോൾ വാതിൽ വെട്ടുകത്തികൊണ്ട് വെട്ടിപ്പൊളിച്ചു. എന്നിട്ടും, അക്രമികൾക്ക് വാതിൽ തുറക്കാൻ കഴിയാത്തതിനാലാണ് സംഭവസമയം വീടിനകത്തുണ്ടായിരുന്ന മാതാവും സഹോദരനും താനും രക്ഷപ്പെട്ടതെന്ന് സച്ചിൻ പറഞ്ഞു. വെള്ളിയാഴ്ച രാത്രി 1.15നായിരുന്നു സംഭവം. ബൈക്കിലെത്തിയ നാലംഗ സംഘമാണ് ആര്യയുടെ വീടാക്രമിച്ചതെന്ന് സി.സി.ടി.വി പരിശോധിച്ചതിൽനിന്ന് വ്യക്തമായതായും കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ കേസെടുത്തതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു. സച്ചിൻെറ വീടിനുനേരെ നടന്ന ആക്രമണത്തിൽ നേമം പൊലീസും കേസെടുത്തു. ധനുവച്ചപുരം കോളജിൽ കാലങ്ങളായി എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷം നിലനിൽക്കുന്നുണ്ട്. ഇതിൻെറ തുടർച്ചയാണ് വീടാക്രമണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കോവളം എം.എൽ.എ എം. വിൻസൻെറ്, സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, കോവളം ഏരിയ സെക്രട്ടറി ഹരികുമാർ, ജില്ല കമ്മിറ്റി അംഗം പി. രാജേന്ദ്രകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.