വനിത പൊലീസ് ബറ്റാലിയൻ അംഗങ്ങളാണ് ദുരിതംപേറി കഴിയുന്നത് -ചിത്രം- തിരുവനന്തപുരം: 'ആത്മാഭിമാനം തരുന്ന ജോലി, അന്തസ്സോടെയും സന്തോഷത്തോടെയും കുടുംബത്തിനൊപ്പമുള്ള ജീവിതം അതൊക്കെയായിരുന്നു പൊലീസ് സേനയിൽ ജോലി ലഭിച്ചപ്പോൾ അവരുടെ മനസ്സിൽ. എന്നാൽ, ഇൗ ദുരിതത്തിൽനിന്ന് എങ്ങനെയും രക്ഷപെട്ടാൽ മതിയെന്നാണ് ഇപ്പോൾ അവരുടെ ആഗ്രഹം. സ്ത്രീശാക്തീകരണമെന്നും ചരിത്രനേട്ടമെന്നുമൊക്കെ അവകാശപ്പെട്ട് ആരംഭിച്ച 578 അംഗ വനിത പൊലീസ് ബറ്റാലിയൻ അംഗങ്ങളിൽ ഒാരോരുത്തർക്കും ഇൗ വനിത ദിനത്തിൽ പറയാനുള്ളത് അവഗണനയുടെയും ദുരിതങ്ങളുടെയും കഥകളാണ്. 2017 ജൂലൈ 31ന് പാസിങ് ഔട്ട് പരേഡ് കഴിഞ്ഞിറങ്ങിയത് ദുരിതക്കയത്തിലേക്കാണ്. പരേഡിനുശേഷം 12 ദിവസത്തെ വിശ്രമത്തിനയച്ച സേനാംഗങ്ങളെ അവധി റദ്ദാക്കി ഒമ്പതാംദിനം മുതൽ പ്രളയക്കെടുതി ഡ്യൂട്ടിക്കായി നിയോഗിച്ചു. ദുരതാശ്വാസ ക്യാമ്പുകളിൽ മാറിമാറി ഒരു മാസത്തോളം സേവനം ചെയ്തു. അക്കാദമിയിൽ തിരിച്ചെത്തിയ വനിതകളെ സെപ്റ്റംബർ 12 മുതൽ പരമ്പരാഗത ആംഡ് പൊലീസ് ബറ്റാലിയൻ രീതിയിൽ നാല് ഡിറ്റാച്ച്മെൻറ് ക്യാമ്പുകളിലായി വിന്യസിച്ചു. ക്യാമ്പുകളിൽ താമസിച്ച് ജോലി ചെയ്യേണ്ട രീതിയിൽ അഞ്ച് കമ്പനികളായി തിരിച്ചു. തിരുവനന്തപുരം, അടൂർ, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ അറ്റാച്ച് ചെയ്തു. പുരുഷന്മാരായ പൊലീസുകാർ താമസിച്ചുവന്ന ഇവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷിതത്വമോ ഇല്ലായിരുന്നു. ക്യാമ്പുകളിൽ വനിത ബറ്റാലിയൻ കമാൻഡൻറ് അല്ലാതെ സ്ത്രീകളുടെ അവസ്ഥ പരിശോധിക്കാൻ മറ്റ് വനിത ഓഫിസർമാർ ഉണ്ടായിരുന്നില്ല. �� എന്തെങ്കിലും ആവശ്യത്തിന് അനുബന്ധ ക്യാമ്പിലെ ഉദ്യോഗസ്ഥരെയോ അസോസിയേഷൻ ഭാരവാഹികളെയോ സമീപിച്ചാൽ 'നിങ്ങൾ ഇവിടത്തെ അംഗങ്ങളല്ലെന്ന്' പറഞ്ഞ് കൈമലർത്തി. കമ്പനി ഓഫിസുകളിലെ പുരുഷന്മാരായ ഓഫിസർമാരുടെ മാനസികപീഡനം അസഹനീയമായിരുന്നു. നൈറ്റ് പെർമിഷനും അവധിയും ചോദിച്ചാൽ അശ്ലീല കമൻറുകളും ചോദ്യങ്ങളും നോട്ടവും സഹിേക്കണ്ടിവരും. പീഡനങ്ങളിൽ പ്രതിഷേധിച്ച് രാജിക്കത്ത് നൽകിയ പൊലീസുകാരിയുമുണ്ട്. എതിർത്തുപറഞ്ഞാൽ അച്ചടക്കത്തിെൻറ പേരുപറഞ്ഞ് ശിക്ഷാനടപടികളായി. മെഡിക്കൽ അവധിയെടുത്താൽ സ്ഥലംമാറ്റി ശിക്ഷിക്കും. 24 മണിക്കൂറും ഡ്യൂട്ടി ചെയ്യേണ്ട ദുരിതാവസ്ഥയിലാണ് ഇൗ വനിതകൾ. ഇവരിൽ പലരും കൈക്കുഞ്ഞുങ്ങളുള്ളവരാണ്. ഫലത്തിൽ സ്ത്രീശാക്തീകരണത്തിനായി രൂപവത്കരിച്ച ബറ്റാലിയൻ വനിതകൾക്ക് പീഡനപർവമായിരിക്കുകയാണ്. -ബിജു ചന്ദ്രശേഖർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.