തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്കായി തലസ്ഥാന നഗരത്തിലേക്ക് ഭക്തജന പ്രവാഹം. ചൊവ്വാഴ്ച രാവിലെ മുതൽ ക്ഷേത്ര പരിസരവും ആറ്റുകാലിൽനിന്ന് അധികദൂരത്തിലല്ലാത്ത നഗരപ്രദേശങ്ങളും പൊങ്കാലയിടാനായി സ്ത്രീകൾ കൈയടക്കിക്കഴിഞ്ഞു. ഒരാഴ്ചയായി പൊങ്കാല ഉത്സവത്തിെൻറ തിരക്കിലായ ആറ്റുകാൽ ക്ഷേത്രം പൊങ്കാലയർപ്പിക്കാൻ വിവിധ ദേശങ്ങളിൽ നിന്നുള്ള ഭക്തരുടെ വരവുകൂടിയായതോടെ ജനസാഗരത്തിനാണ് സാക്ഷിയാകുന്നത്. ക്ഷേത്രത്തിെൻറ അഞ്ചരകിലോമീറ്റർ ചുറ്റളവിൽ ഇക്കുറി പൊങ്കാല അടുപ്പുകൾ നിരക്കുമെന്നാണ് കണക്കാക്കുന്നത്. ആറ്റുകാൽ, മണക്കാട്, കമലേശ്വരം, ഐരാണിമുട്ടം, ബണ്ട് റോഡ്, കാലടി, കരമന, കിള്ളിപ്പാലം, ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരം തുടങ്ങി ക്ഷേത്രത്തോട് അടുത്ത സ്ഥലങ്ങളിലും കിഴക്കേകോട്ട മുതൽ കേശവദാസപുരം വരെയുള്ള എം.ജി റോഡിലുമായിരിക്കും കൂടുതൽ അടുപ്പുകൾ നിരക്കുക. ഇതിനുപുറമെ ബൈപാസിലും നഗരത്തിലെ മറ്റ് ഇടറോഡുകളിലും പൊങ്കാലയടുപ്പുകൾ നിരക്കും. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലും അടുപ്പുകളുണ്ട്. നഗരപരിധിയിലുള്ള വിവിധ ക്ഷേത്രങ്ങളിലും പൊങ്കാലയിടാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. പൊങ്കാലയർപ്പിക്കാനെത്തുന്നവർക്ക് കുടിവെള്ളവും ഉച്ചഭക്ഷണവും വിവിധ സന്നദ്ധസംഘടനകളും ക്ലബുകളും െറസിഡൻറ് അസോസിയേഷനുകളും ആരാധനാലയങ്ങളും ഒരുക്കി. സർക്കാർതലത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗ്രീൻ പ്രോട്ടോക്കോൾ ഇത്തവണ കർശനമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് സാധനങ്ങൾക്കും കവറുകൾക്കും പ്രവേശനമില്ല. ക്ഷേത്രത്തിൽ നിന്നുള്ള അറിയിപ്പുകൾ കേൾക്കാൻ സാധിക്കാത്ത സ്ഥലങ്ങളിൽ മൈക്കിലൂടെ പൊലീസ് അറിയിപ്പ് ഉണ്ടാകും. പ്രധാന പോയൻറുകളിൽ ആംബുലൻസ്, ഓക്സിജൻ പാർലർ, ഫയർ എൻജിൻ തുടങ്ങി സംവിധാനവും ഉണ്ടായിരിക്കും. പൊങ്കാലയിട്ട് തിരിച്ചുപോകാൻ കെ.എസ്.ആർ.ടി.സിയുടെയും റെയിൽവേയുടെയും പ്രത്യേക സർവിസുകളും ഉണ്ടായിരിക്കും. സുരക്ഷക്കായി 4000ലേറെ പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. അടിയന്തരസാഹചര്യം നേരിടാൻ പരിശീലനം ലഭിച്ച വനിതാ കമാൻഡോ സംഘത്തെ ക്ഷേത്രപരിസരത്ത് വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ പൊലീസിെൻറ ക്വിക്ക് റെസ്‌പോൺസ് ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. അനുവദനീയമായതിലും കൂടുതൽ ശബ്ദത്തിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയത് മൈക്ക് സെറ്റും മറ്റ് അനുബന്ധ ഉപകരണങ്ങളും കണ്ടുകെട്ടും. പൊങ്കാലയുമായി ബന്ധപ്പെട്ട് സന്നദ്ധസംഘടനകൾ, ക്ലബുകൾ തുടങ്ങിയവര്‍ നടത്തുന്ന നിർബന്ധിത പിരിവ് വിലക്കിയിട്ടുണ്ട്. ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള വഴിയോരകച്ചവടവും പാർക്കിങ്ങും അനുവദിക്കുന്നതല്ലന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. പൊങ്കാലദിവസം ക്ഷേത്രത്തിൽ സേവനത്തിനായി വരുന്ന ആംബുലൻസ് വാഹനങ്ങളിലെ സ്റ്റാഫുകൾക്ക്തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.