കഴക്കൂട്ടം: ശ്രീകാര്യെത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി മേൽപാലം യാഥാർഥ്യമാകുന്നു. പ്രാഥമിക വിജ്ഞാപനം ജില്ല ഭ രണകൂടം പുറപ്പെടുവിച്ചതോടെ സ്ഥലമേറ്റെടുക്കൽ ഉടൻ ആരംഭിക്കും. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട സാമൂഹികാഘാതപഠനം പൂർത്തിയായതോടെയാണ് നടപടി. 'സെൻറർ ഫോർ അഡ്വാൻസ്ഡ് റിസർച്ച് ഇൻ ഹെൽത്ത് ആൻഡ് ഹ്യൂമൻ ബിഹേവിയർ' എന്ന സ്ഥാപനമാണ് പഠന റിപ്പോർട്ട് സമർപ്പിച്ചത്. ശ്രീകാര്യം ചാവടിമുക്കിനടുത്തുനിന്ന് തുടങ്ങി കല്ലമ്പള്ളി ജങ്ഷനിൽ അവസാനിക്കുന്ന മേൽപാലത്തിന് അര കിലോമീറ്റർ നീളമുണ്ട്. ഇതിനായി ചെറുവയ്ക്കൽ, ഉള്ളൂർ, പാങ്ങപ്പാറ, വില്ലേജിലായുള്ള 183 സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടിവരുന്നത്. ഇതിൽ 177 ഇടങ്ങൾ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ വകയാണ്. ആറുസ്ഥലങ്ങൾ മാത്രമാണ് സർക്കാറിേൻറതായുള്ളത്. 1.3 ഹെക്ടർ ഭൂമിയാണ് മേൽപാലത്തിനായി ഏറ്റെടുക്കേണ്ടിവരുക. വിജ്ഞാപനമായ സാഹചര്യത്തിൽ പട്ടികയിൽ പറയുന്ന വസ്തുവകകൾ ഇനി കൈമാറ്റംചെയ്യാൻ കഴിയില്ല. ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനുമുള്ള 2013ലെ അവകാശ നിയമപ്രകാരം ഡെപ്യൂട്ടി കലക്ടറെ ഭൂമി ഏറ്റെടുക്കലിന് സർക്കാർ മൂന്നുവർഷം മുേമ്പ ചുമതലപ്പെടുത്തിയിരുന്നു. മേൽപറഞ്ഞ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം സ്ഥലമുടമകൾക്ക് സർക്കാർ അറിയിപ്പ് നൽകിക്കഴിഞ്ഞു. പരാതിയുള്ളവർ രണ്ടാഴ്ചക്കകം ഡെപ്യൂട്ടി കലക്ടറെ (സ്ഥലം ഏറ്റെടുക്കൽ) രേഖാമൂലം അറിയിക്കണം. നിലവിൽ സ്ഥലം ഏറ്റെടുപ്പുമായുള്ള തർക്കങ്ങൾ ശ്രീകാര്യത്തുണ്ട്. മേൽപാലം വരുമ്പോൾ 15സെൻറ് ഭൂമി നഷ്ടപ്പെടുന്ന ശ്രീകാര്യം ജമാഅത്തിന് എതിർപ്പുണ്ട്. പള്ളിയുടെ വശത്തുനിന്ന് 14 മീറ്ററും വീതിയിലും എതിർവശത്തുനിന്ന് ഏഴ് മീറ്റർ വീതിയിലുമാണ് ഭൂമി ഏറ്റെടുക്കുന്നതെന്നാണ് പള്ളി ഭാരവാഹികളുടെ പരാതി. ഇരുവശത്തുനിന്നും തുല്യമായി സ്ഥലമേെറ്റടുക്കണമെന്നാണ് ആവശ്യം. വ്യാപാരികളും എതിർപ്പുമായി മുന്നോട്ടുവന്നിട്ടുണ്ട്. ഭാവിയിൽ ലൈറ്റ് മെട്രോ വരുമ്പോൾ അതുംകൂടി ഉൾക്കൊള്ളുന്ന രീതിയിലാകും പാലത്തിെൻറ നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.