സോളാര്‍ പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ച ചെയര്‍മാ​‍െൻറ നേതൃത്വത്തില്‍ പ്രതിഷേധവുമായി കൗണ്‍സിലര്‍മാര്‍ വൈദ്യുതി ഭവനില്‍

ആറ്റിങ്ങല്‍: സോളാര്‍ പദ്ധതി നടപ്പാക്കുന്നതില്‍ കെ.എസ്.ഇ.ബി വരുത്തുന്ന വീഴ്ചയിൽ പ്രതിഷേധിച്ച് നഗരസഭ ചെയര്‍മാ‍ ​െൻറ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ വൈദ്യുതി ഭവനില്‍ എത്തി. വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തത ലക്ഷ്യമിട്ട് നഗരസഭ നടപ്പാക്കുന്ന പദ്ധതികളുടെ നിർവഹണ ഏജന്‍സി കെ.എസ്.ഇ.ബിയാണ്. വര്‍ഷങ്ങളായി കെ.എസ്.ഇ.ബിയെ ഏല്‍പിക്കുന്ന ജോലികളൊന്നും അവര്‍ നടപ്പാക്കുന്നില്ല. ഫണ്ട് ലഭ്യമാക്കിയിട്ടും പദ്ധതി യാഥാർഥ്യമാക്കാത്തതിനാല്‍ നഗരസഭക്ക് സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നുണ്ട്. നഗരസഭ ഒാഫിസിലും ലൈബ്രറിഹാളിലും സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് 2017 മാര്‍ച്ച് 23ന് നൽകിയ 20 ലക്ഷം രൂപയുടെ കരാറും മാര്‍ക്കറ്റിലെ ഷോപ്പിങ് കോംപ്ലക്‌സ്, മത്സ്യ സ്റ്റാള്‍ എന്നീ സ്ഥലങ്ങളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് 2018 ഫെബ്രുവരി രണ്ടിന് നൽകിയ 15 ലക്ഷം രൂപയുടെ കരാറും ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2018 മേയ് 25ന് പവര്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് 4271103 രൂപയുടെ കരാറും നടപ്പാക്കിയിട്ടില്ല. നഗരസഭയിലും ലൈബ്രറിഹാളിലും മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്‌സിലും മത്സ്യസ്റ്റാളിലും 27 കെ.വി വീതമുള്ള പദ്ധതിയും ആറ്റിങ്ങല്‍ ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍സെക്കൻഡറി സ്‌കൂളില്‍ 57 കെ.വി പദ്ധതിയുമാണ് നടപ്പാക്കേണ്ടത്. കരാര്‍ ഏറ്റെടുക്കുന്നതല്ലാതെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുകയാണ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ സ്ഥാപനങ്ങള്‍ വൈദ്യുതിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തമാകും. കെ.എസ്.ഇ.ബിക്ക് ഇത്രയും വൈദ്യുതിയും നഗരസഭക്ക് വൈദ്യുതി ചാര്‍ജിനത്തിലുള്ള ചെലവും ലാഭിക്കാം. അധികമായി വരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് കൈമാറുന്നതിനാല്‍ ബോര്‍ഡിന് പുതിയ വൈദ്യുതി സ്രോതസ്സും നഗരസഭക്ക് പുതിയ വരുമാനമാര്‍ഗവും സാധ്യമാകും. നഗരസഭയെക്കാള്‍ കൂടുതല്‍ പദ്ധതിയുടെ ഗുണഭോക്താവ് കെ.എസ്.ഇ.ബിയാണ്. എന്നാല്‍, പദ്ധതി നീളുകയും യഥാസമയം പണി പൂര്‍ത്തിയാക്കാതെ വരുകയും ചെയ്തതോടെ നഗരസഭക്ക് സാമ്പത്തിക നഷ്ടം വരുത്തുകയായിരുന്നു. പദ്ധതി പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയതില്‍ പ്രതിഷേധിച്ചാണ് ചെയര്‍മാന്‍ എം. പ്രദീപ്, വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍.എസ്. രേഖ, എന്നിവരുടെ നേതൃത്വത്തില്‍ വൈദ്യുതിഭവനില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ചീഫ് എൻജിനീയറുടെ അഭാവത്തില്‍ എനര്‍ജി ആന്‍ഡ് എനര്‍ജി സേവിങ് വിഭാഗം െഡപ്യൂട്ടി ചീഫ് എൻജിനീയര്‍ ബി. മഞ്ജുവുമായി ചര്‍ച്ച നടത്തി. തുടർന്ന് നഗരസഭാ ഒാഫിസിലും ലൈബ്രറി ഹാളിലും സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകള്‍ 21 ചാര്‍ജ് ചെയ്ത് ആദ്യഘട്ടം പൂര്‍ത്തിയാക്കാമെന്നും ബാക്കി പദ്ധതികളും ഉടന്‍ പ്രവര്‍ത്തിപ്പിക്കാമെന്നും ഉറപ്പ് ലഭിച്ചു. ഉറപ്പ് ലംഘിച്ചാൽ നഷ്ടപരിഹാരം ലഭിക്കുന്നതിനും കെ.എസ്.ഇ.ബിയെ കരിമ്പട്ടികയില്‍പെടുത്തുന്നതിനുമായുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.