തിരുവനന്തപുരം: ഹർത്താൽ അനുകൂല പ്രകടനത്തിനിടെ വഞ്ചിയൂർ എസ്.ഐയെ കൈയേറ്റം ചെയ്ത കേസിൽ 12 പേർ അറസ്റ്റിൽ. ബി.ജെ.പി, ശബ രിമല കർമസമിതി പ്രവർത്തകരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. കരമന, കേരളാദിത്യപുരം സ്വദേശികളായ ഷാജി, മോഹൻ, കൃഷ്ണകുമാർ, രാജേഷ്, സുമേഷ്, അനു, ബിജുകുമാർ, രാജേഷ്കുമാർ, സഹ്യൻ, രാജേഷ്കുമാർ, വിഷ്ണു, ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഹർത്താൽ അനുകൂലികൾ ഓഫിസ് അടിച്ചുതകർക്കുന്ന ദൃശ്യങ്ങൾ പകർത്തിയ എസ്.ഐ സുവർണകുമാറിനെയാണ് ഒരു സംഘം കൈയേറ്റം ചെയ്തത്. വ്യാഴാഴ്ച ഉച്ചക്ക് 12.30ഒാടെയായിരുന്നു സംഭവം. ഹർത്താലിനോട് അനുബന്ധിച്ച് മേലേ പഴവങ്ങാടിയിൽനിന്ന് സ്റ്റാച്യു ഭാഗത്തേക്ക് ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി. പ്രകടനം ചെന്തിട്ടയിലെ കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിെൻറ സ്വാഗതസംഘം ഓഫിസിന് മുന്നിലെത്തിയപ്പോൾ പ്രവർത്തകർ കല്ലെറിഞ്ഞു. പൊലീസ് ഇത് തടയുന്നതിനിടെ സ്വാഗതസംഘം ഓഫിസിന് പിന്നിലെ കെട്ടിടത്തിൽനിന്ന് പ്രകടനക്കാർക്ക് നേരെയും കല്ലേറുണ്ടായി. ഇതോടെ ഹർത്താൽ അനുകൂലികൾ സ്വാഗതസംഘം ഓഫിസ് അടിച്ചു തകർക്കാൻ തുടങ്ങി. ഈ രംഗങ്ങൾ എസ്.ഐ സുവർണകുമാർ ഔദ്യോഗിക ഫോണിൽ ചിത്രീകരിച്ചു. ഇതുകണ്ട് പ്രകോപിതരായ ഹർത്താൽ അനുകൂലികൾ ഫോൺതട്ടിയെത്തു. ഇത് ചോദ്യം ചെയ്യുന്നതിനിടെയാണ് കൈയേറ്റമുണ്ടായത്. ഇതിനിടെ ഫോണുമായി ഒരുകൂട്ടർ കടന്നു കളഞ്ഞു. പിന്നാലെ പ്രവർത്തകരും ഓടി രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് സമീപത്തെ കെട്ടിടങ്ങൾക്ക് പിന്നിൽ ഒളിച്ചിരുന്ന 12 പേരെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.