ആര്യനാട്: കണ്ടക്ടർമാരുടെ കുറവ് കാരണം ആര്യനാട് ഡിപ്പോയിൽ ദിവസവും ആറോളം ഷെഡ്യൂളുകള്‍ റദ്ദാക്കുന്നു. ഇതിലൂടെ കല ക്ഷനിൽ പ്രതിദിനം 60,000 രൂപയോളം കുറവാണ് രേഖപ്പെടുത്തുന്നത്. ഒരു ഷെഡ്യൂളിൽ ശരാശരി ആറോളം ട്രിപ്പുകൾ ഉണ്ടാകും. അങ്ങനെവരുമ്പോൾ ആര്യനാട് മാത്രമായി 36 ട്രിപ്പുകളാണ് ദിനംപ്രതി റദ്ദാക്കുന്നത്. വരുമാനമുള്ള നിരവധി ഷെഡ്യൂളുകൾ റദ്ദാക്കുന്നതിനാൽ യാത്രക്കാർ പെരുവഴിയിലാണ്. ഷെഡ്യൂളുകൾ റദ്ദാക്കിയാലും വരുമാനത്തിൽ വലിയ കുറവില്ലെന്നാണ് അധികൃതർ പറയുന്നത്. മൂന്ന് ബസുകൾ ഒാടേണ്ട സമയത്ത് ഒരു ബസ് ഓടുമ്പോൾ തിക്കും തിരക്കും കാരണം കണ്ടക്ടർമാർ നന്നേ ബുദ്ധിമുട്ടുന്നുണ്ട്. വെള്ളനാട് ഡിപ്പോയുടെ കീഴിലാണ് ആര്യനാട് ഡിപ്പോ. വെള്ളനാട്ട് കണ്ടക്ടർമാർ കുറഞ്ഞപ്പോൾ ആര്യനാടുനിന്ന് അഞ്ച് കണ്ടക്ടർമാരെ വെള്ളനാട്ടേക്ക് സ്ഥലം മാറ്റി. ആര്യനാട് 43 കണ്ടക്ടർമാരാണ് താൽക്കാലികക്കാരായി ഉണ്ടായിരുന്നത്. ഇതിൽ 10 പേർ നെയ്യാറ്റിൻകരനിന്ന് സ്ഥലം മാറി വന്നവരാണ്. 43 പേരെയും കോടതിവിധിയുടെ ഭാഗമായി പിരിച്ചുവിട്ടു. വെള്ളനാടേക്ക് സ്ഥലം മാറ്റിയവരെ അടിയന്തരമായി ആര്യനാടേക്ക് തിരിച്ചുനൽകിയില്ലെങ്കിൽ കണ്ടക്ടർമാരുടെ കുറവ് കാരണം ഇനിയും ഷെഡ്യൂൾ റദ്ദാക്കേണ്ടിവരും. ശരാശരി 3.5 ലക്ഷം രൂപയാണ് ശരാശരി കലക്ഷൻ. ഷെഡ്യൂളുകൾ റദ്ദാക്കുന്നതോടെ സമാന്തരവാഹനങ്ങൾ പോലുമില്ലാത്ത പ്രദേശങ്ങളിലെ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഗ്രാമങ്ങളിൽനിന്ന് നഗരപ്രദേശങ്ങളിലേക്ക് ജോലി തേടിപ്പോകുന്ന സ്ഥിരം യാത്രക്കാർ, ബസ് മുടങ്ങുന്നതോടെ വീട്ടിലെത്താൻ അർധരാത്രിയാകുമെന്ന് പറയുന്നു. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.