സുവർണചകോരം ദി ഡാർക്ക് റൂമിന്, ലിജോക്ക് രജതചകോരം

തിരുവനന്തപുരം: 23ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ഇറാനിയന്‍ സിനിമ 'ദി ഡാര്‍ക്ക് റൂമി'ന്. റൗഹള്ള ഹെജാസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ മകനെ ലൈംഗിക പീഡനത്തിനിരയാക്കിയവരെ കണ്ടെത്താന്‍ മാതാപിതാക്കള്‍ നടത്തുന്ന ശ്രമമാണ് പ്രമേയം. 15 ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 'ഈ.മ.യൗ'വിലൂടെ മികച്ച സംവിധായകനുള്ള രജതചകോരം മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കി. അ‍ഞ്ച് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നാറ്റ്പാക് പുരസ്‌കാരവും ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും 'ഈ.മ.യൗ' നേടി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം സക്കറിയ സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജീരിയ'ക്കാണ്. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ഹിന്ദി സംവിധായിക അനാമിക ഹസ്‌കര്‍ നേടി. ചിത്രം 'ടേക്കിങ് ദി ഹോഴ്‌സ് ടു ഈറ്റ് ജിലേബീസ്'. ഈ ചിത്രത്തി​െൻറ ഛായാഗ്രാഹകന്‍ സൗമ്യാനന്ദ് സാഹി ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ബിയാട്രിസ് സഗ്നറുടെ ദി സൈലന്‍സും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. ഇന്ത്യയിലെ മികച്ച നവാഗത ചിത്രത്തിനുള്ള പ്രഥമ കെ.ആര്‍. മോഹനന്‍ എന്‍ഡോവ്‌മ​െൻറ് അമിതാഭ് ചാറ്റര്‍ജി സംവിധാനം ചെയ്ത 'മനോഹര്‍ ആൻഡ് ഐ' കരസ്ഥമാക്കി. വിനു കോലിച്ചാല്‍ സംവിധാനം ചെയ്ത 'ബിലാത്തിക്കുഴല്‍' ഈ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. നിശാഗന്ധിയിൽ നടന്ന സമാപനസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. കലാകേരളത്തി‍​െൻറ ഉയർത്തെഴുന്നേൽപ് മേളയിലൂടെ സാധ്യമായെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ സംവിധായകനും ജൂറി ചെയർമാനുമായ മജീദ് മജീദിയുടെ 'മുഹമ്മദ്: ദി മെസഞ്ചർ ഓഫ് ഗോഡ്' പ്രദർശിപ്പിക്കാൻ സാധിക്കാത്തത് ശൂന്യതയായി നിലനിൽക്കുന്നെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച സാംസ്കാരിക മന്ത്രി എ.കെ. ബാലൻ പറഞ്ഞു. മന്ത്രി വി.എസ്. സുനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ജൂറി ചെയർമാൻ മജീദ് മജീദി, മേയർ വി.കെ. പ്രശാന്ത്, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ എന്നിവർ പെങ്കടുത്തു. സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു നന്ദിയും പറഞ്ഞു. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.