\Bകെ.എസ്. ശ്രീജിത്ത്\B തിരുവനന്തപുരം: രാജസ്ഥാനിൽ അഞ്ച് വർഷത്തിനിടെ സി.പി.എമ്മിന് വർധിച്ചത് 1.62 ലക്ഷം (1,62,999) വോട്ട്. 2013 ൽ 38 സീറ്റിൽ മത്സരിച്ച് നേടിയത് 2.69 ലക്ഷം (0.9 ശതമാനം) വോട്ടായിരുന്നുവെങ്കിൽ ഇത്തവണ 28 സീറ്റിൽനിന്ന് 4.32 ലക്ഷം (1.2 ശതമാനം) വോട്ടായി ഉയർന്നു. നിയമസഭ പ്രാതിനിധ്യം രണ്ട് സീറ്റിൽ ഒതുങ്ങിയെങ്കിലും മത്സരിച്ച മുഴുവൻ സീറ്റിലും ശരാശരി 15,428 വോട്ട് നേടാൻ കഴിഞ്ഞെന്നത് സംഘടനാപരമായ മുന്നേറ്റമായാണ് നേതൃത്വം വിലയിരുത്തുന്നത്. കർഷക സമരങ്ങളും സംഘ്പരിവാറിെൻറ ഗോരക്ഷക് ഗുണ്ടാ കൊലപാതകത്തിനെതിരായ പ്രചാരണവും ബി.ജെ.പിയുടെ പതനത്തിൽ പങ്കുവഹിച്ചെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ലോക്താന്ത്രിക് മോർച്ചയുടെ ഭാഗമായി ഏഴ് കക്ഷികൾക്കൊപ്പമാണ് സി.പി.എം മത്സരിച്ചത്. ബി.ജെ.പിയുടെ കൈവശമുണ്ടായിരുന്ന ഹുനമാൻഗഡിലെ ഭദ്ര, ബിക്കാനീറിലെ ദുംഗർഗഡ് മണ്ഡലങ്ങളാണ് പാർട്ടി പിടിച്ചെടുത്തത്. ബി.ജെ.പി 26488 വോട്ടിെൻറ ഭൂരിപക്ഷത്തിന് 2013ൽ ജയിച്ച ഭദ്രയിൽ 81,655 വോട്ടാണ് ബൽവാൻപുനിയ ഇത്തവണ നേടിയത്. ഭൂരിപക്ഷം 20,741. ആദിവാസി ഭൂരിപക്ഷ മേഖലയായ ഹനുമാൻഗഡിലെ ഭദ്ര കർഷകസമരങ്ങളുടെ കേന്ദ്രവുമാണ്. ദുംഗർഘട്ടിൽ ഗിർധാരിലാൽ മാഹിയക്ക് 72,376 വോട്ടാണ് ലഭിച്ചത്; ഭൂരിപക്ഷം 20501. 2013ൽ ബി.ജെ.പി സ്ഥാനാർഥി 16,202 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. മറ്റ് രണ്ട് മണ്ഡലങ്ങളിൽ പാർട്ടി രണ്ടാം സ്ഥാനത്തും ആറിടത്ത് മൂന്നാം സ്ഥാനത്തും എത്തി. സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായ അമ്റാ റാം തോറ്റെങ്കിലും രണ്ടാമത് എത്തിയത് ആശ്വാസമായി. സിക്കർ, ഹനുമാൻഗഡ്, ബിക്കാനീർ എന്നിവിടങ്ങളിലാണ് അഖിലേന്ത്യ കർഷകസംഘത്തിെൻറ നേതൃത്വത്തിൽ ദിവസങ്ങൾ നീണ്ട കർഷപ്രക്ഷോഭം നടന്നത്. ഇതിനെതുടർന്ന് 20,000 കോടി രൂപയുടെ കാർഷികകടം എഴുതിത്തള്ളാൻ ബി.ജെ.പി സർക്കാർ നിർബന്ധിതമായി. ഹനുമാൻഗഡിലെ സമരഫലമായി കർഷക ഇൻഷുറൻസ് ഇനത്തിൽ 3.45 കോടിയോളം കർഷകർക്ക് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.