വർക്കല: ടിക്കറ്റ് വിതരണത്തിെൻറ കരാർ കാലാവധി അവസാനിച്ചതോടെ കാപ്പിൽ റെയിൽവേ സ്റ്റേഷനെ അധികൃതർ കൈയൊഴിഞ്ഞ അവസ്ഥയിൽ. ടിക്കറ്റില്ലാതെ ട്രെയിൻ യാത്രചെയ്യേണ്ട അവസ്ഥയിൽ യാത്രക്കാർ, കണ്ടഭാവം നടിക്കാതെ റെയിൽവേ. തീരദേശ ഗ്രാമമായ ഇടവ പഞ്ചായത്തിലെ കാപ്പിൽ റെയിൽവേ സ്റ്റേഷനാണ് ഈ ദുർഗതി. ജില്ലയുടെ വടക്കേഅതിർത്തിയിലെ ബ്ലോക്ക് സ്റ്റേഷനായിരുന്നു കാപ്പിൽ. 2012ലാണ് ബ്ലോക്ക് സ്റ്റേഷനെ ഹാൾട്ട് സ്റ്റേഷനായി തരംതാഴ്ത്തിയത്. തുടർന്നിങ്ങോട്ട് ടിക്കറ്റ് കൗണ്ടർ മാത്രം പ്രവർത്തിപ്പിക്കുന്നതിന് കരാർ നിയമനം നടത്തുകയായിരുന്നു. പാസഞ്ചർ, മെമു ട്രെയിനുകൾ മാത്രം നിർത്തുന്ന സ്റ്റേഷനാണെങ്കിലും നിത്യേന ധാരാളം യാത്രക്കാർ ഉണ്ടായിരുന്നു. സിഗ്നൽ പാനലുണ്ടായിരുന്ന സ്റ്റേഷനായിരുന്നപ്പോഴും കരാർ വ്യവസ്ഥയിലേക്ക് തരംതാഴ്ത്തി റെയിൽവേ ചിറ്റമ്മനയം കാണിച്ചെങ്കിലും സ്റ്റേഷൻ ലാഭത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ടിക്കറ്റ് വിതരണത്തിനുള്ള കരാറെടുത്തിരുന്നയാളുടെ കാലാവധി കഴിഞ്ഞ ഒക്ടോബർ 31നാണ് അവസാനിച്ചത്. ഇയാൾ രോഗബാധിതനായതിനാൽ കരാർ പുതുക്കിനൽകാനായി അപേക്ഷ നൽകിയിരുന്നില്ല. ഇതേതുടർന്നാണ് ടിക്കറ്റ് കൗണ്ടർ പൂട്ടിയിട്ടതും നാട്ടുകാർ വലഞ്ഞതും. കരാർ കാലാവധി അവസാനിച്ച് ഒരു മാസത്തോളമായിട്ടും പുതിയ കരാറുകാരനെ കണ്ടെത്താൻ റെയിൽവേ അപേക്ഷ ക്ഷണിക്കുകയും ചെയ്തിട്ടില്ല. കൊമേഴ്സ്യൽ സ്റ്റാഫിനെ നിയോഗിച്ച് ടിക്കറ്റ് കൗണ്ടർ പ്രവർത്തിപ്പിക്കാനും റെയിൽവേ തയാറാകുന്നില്ല. നാട്ടുകാരുടെയും യാത്രക്കാരുടെയും യാത്രാ ദുരിതമകറ്റാൻ റെയിൽവേ ടിക്കറ്റ് കൗണ്ടർ പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.