ആലപ്പുഴ: ജില്ലയിലെ തൈക്കാട്ടുശ്ശേരി, മാക്കേക്കടവ്, മണപ്പുറം, തേവർവട്ടം, നഗരി, പൈനുങ്കൽ, ചിറക്കൽ, എലിക്കാട്, പൂച്ചാക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപക നാശംവിതച്ച് 'ഗജ' ചുഴലിക്കാറ്റ്. നിരവധി വീടുകൾ പൂർണമായും അനേകം വീടുകൾ ഭാഗികമായും തകർന്നു. വൃക്ഷങ്ങൾ കടപുഴകിയാണ് വീടുകൾ തകർന്നത്. റോഡുകളിൽ വൃക്ഷങ്ങൾ കടപുഴകി ഗതാഗതം സ്തംഭിച്ചു. വൃക്ഷങ്ങൾ വൈദ്യുതി കമ്പികളിലേക്കുവീണ് 400ഓളം പോസ്റ്റുകൾ തകർന്നു. പ്രദേശത്ത് വൈദ്യുതിബന്ധം തകരാറിലാണ്. നഗരി ക്ഷേത്രത്തിന് സമീപം വൻവൃക്ഷം കടപുഴകി 11 കെ.വി ലൈനിലും ട്രാൻസ്ഫോർമറിലും വീണ് രണ്ടും തകരാറിലായി. വൈദ്യുതി തകരാർ പരിഹരിക്കാൻ ദിവസങ്ങൾ എടുക്കുമെന്നാണ് അധികൃതർ അറിയിച്ചത്. വൈദ്യുതി വിഭാഗത്തിന് മാത്രം അരക്കോടിയോളം നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൊത്തത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. എ.എം. ആരിഫ് എം.എൽ.എ, ചേർത്തല തഹസിൽദാർ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം അപകടമേഖല സന്ദർശിച്ചു. വീടുകൾ നഷ്ടപ്പെട്ടവർക്ക് അടിയന്തരമായി ദുരിതാശ്വാസം എത്തിക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.