സിംഗിൾ ഡ്യൂട്ടി ക്രമീകരണം; രാത്രിയാത്ര മുടക്കി കെ.എസ്.ആർ.ടി.സി

കല്ലമ്പലം: കെ.എസ്.ആർ.ടി.സി സിംഗിൾ ഡ്യൂട്ടി സംവിധാനം നിലവിൽ വന്നതോടെ കല്ലമ്പലം-ഞാറയിൽകോണം-നിലമേൽ റൂട്ടിൽ രാത്രിയാത്ര ബുദ്ധിമുട്ടായതായി പരാതി. ചടയമംഗലം, ആറ്റിങ്ങൽ, കണിയാപുരം ഡിപ്പോകളിൽ നിന്നായി അര ഡസനോളം ബസുകളാണ് വിവിധ സമയങ്ങളിലായി ഈ വഴി സർവിസ് നടത്തിയിരുന്നത്. ഇതിൽ ചടയമംഗലം ഡിപ്പോയിൽ നിന്ന് വൈകീട്ട് ആറിനും 6.30നും ട്രിപ് നടത്തിയിരുന്ന രണ്ട് വേണാട് ബസുകളാണ് പരിഷ്കരണം വന്നതോടെ നിലച്ചത്. തിരക്കേറിയ റൂട്ടിൽ നിലവിലുള്ള സർവിസുകൾ അപര്യാപ്തമായ സാഹചര്യത്തിലാണ് ഷെഡ്യൂളുകൾ കൂടി മുടങ്ങിയത്. വൈകീട്ടുള്ള സർവിസുകളെ ആശ്രയിക്കുന്ന നിരവധി യാത്രക്കാരാണ് ഇതുമൂലം പ്രയാസത്തിലായത്. ദേശീയ-സംസ്ഥാന പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രിപ്പുകൾ കൂടിയായിരുന്നു ഇത്. തിരുവനന്തപുരം-കൊല്ലം ജില്ലകളിൽ ജോലിക്കുപോകുന്ന വനിതകൾ ഉൾപ്പെടെയുള്ളവർ, വിദ്യാർഥികൾ എന്നിവർ പതിവായി ആശ്രയിച്ചിരുന്ന സർവിസാണ് നിലച്ചത്. ഇതിനെത്തുടർന്ന് നാവായിക്കുളം, ഡീസൻറ് മുക്ക്, കപ്പാംവിള, ഞാറയിൽകോണം, തുമ്പോട്, പനപ്പാംകുന്ന്, കൈതോട് മേഖലകളിലുള്ള യാത്രികർ അമിത തുക നൽകി ഓട്ടോ പിടിച്ച് പോകേണ്ട സ്ഥിതിയാണ്. എന്നാൽ, ട്രിപ്പുകൾ നിർത്തലാക്കിയിട്ടില്ലെന്നും ബസി​െൻറ അപര്യാപ്തത മൂലമാണ് സർവിസ് മുടങ്ങിയതെന്നുമാണ് അധികൃതർ പറയുന്നത്. ഒരു ട്രിപ്പെങ്കിലും സർവിസ് നടത്താനുള്ള ശ്രമം നടത്തുമെന്നും അവർ പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ പുത്തൻപരിഷ്കാരത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമാണ്. ബസ് സർവിസുകൾ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. പ്രതികരണങ്ങൾ: ഇ. റിഹാസ്-ഡി.സി.സി ജനറൽ സെക്രട്ടറി, ഡീസൻറ് മുക്ക് ജമാഅത്ത് പ്രസിഡൻറ് ജനങ്ങളുടെ പ്രധാന ആവശ്യമാണ് യാത്രാസൗകര്യം. പ്രദേശത്ത് രാത്രിയാത്ര മുടക്കിയ കെ.എസ്.ആർ.ടി.സിയുടെ നടപടി പ്രതിഷേധാർഹമാണ്. ഡിപ്പോ അധികൃതരുമായി ബന്ധപ്പെട്ടു. അടിയന്തരനടപടിയില്ലെങ്കിൽ കോൺഗ്രസ് പ്രത്യക്ഷ സമരപരിപാടി കളുമായി മുന്നോട്ടു പോകും. വിജിൻ-സി.പി.എം കുടവൂർ ലോക്കൽ കമ്മിറ്റി അംഗം -നിലവിലുള്ള സർവിസുകൾ മുടക്കിയത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. വി. ജോയി എം.എൽ.എ ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കുമെന്ന് പ്രത്യാശിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.