ജലസ്രോതസ്സുകള്‍ മലിനമാക്കുന്നവർക്കെതിരെ കർശന നടപടി -കലക്ടര്‍

കാട്ടാക്കട: ജലസ്രോതസ്സുകള്‍ മലിനമാക്കുന്നത് മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ഇതിന് ഇടവരുത്തു ന്നവർക്കെതിരെ കർശനനടപടികള്‍ സ്വീകരിക്കുമെന്നും ജില്ല കലക്ടര്‍ ഡോ. വാസുകി. കാട്ടാക്കട നിയോജകമണ്ഡലത്തിലെ ജലസമൃദ്ധിപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച നീര്‍ത്തട സംരക്ഷണയാത്രയില്‍ സംസാരിക്കുകയായിരുന്നു കലക്ടർ. കാട്ടാക്കട പഞ്ചായത്തിലെ മൈലാടിയില്‍ നിന്ന് ആരംഭിച്ച് മാറനല്ലൂര്‍ പഞ്ചായത്തിലൂടെ നെയ്യാറില്‍ എത്തിച്ചേരുന്ന കുളത്തുമ്മല്‍ തോട് നവീകരിച്ച് മാലിന്യമുക്തമാക്കുമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. പഞ്ചായത്തിലെ നെല്ലറകളായി അറിയപ്പെട്ടിരുന്ന അമ്പലത്തിൻകാല, അഞ്ചുതെങ്ങുംമൂട് മംഗലയ്ക്കൽ, ആമച്ചൽ എന്നീ ഏലാകളിലെ നെൽകൃഷിക്ക് വെള്ളം ലഭ്യമാക്കിയിരുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്ന കുളത്തുമ്മൽ തോട് ഇന്ന് ഒഴുക്ക് തടസ്സപ്പെട്ട് നശിച്ചു. തോട് പുനരുജ്ജീവിപ്പിക്കാൻ കലക്ടറുടെ മേൽനോട്ടത്തിൽ 16 ലധികം വകുപ്പുകളുടെ സഹായത്തോടെ പ്രവർത്തനങ്ങൾ തുടങ്ങും. തോടി​െൻറ നിലവിലെ സ്ഥിതി നേരിൽ കണ്ട് മനസ്സിലാക്കുന്നതിനായി ജില്ല കലക്ടർ ഡോ. കെ. വാസുകി, ഐ.ബി. സതീഷ് എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ കുളത്തുമ്മല്‍ തോടി​െൻറ ഉത്ഭവസ്ഥാനമായ മൈലാടി കുളത്തില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ എട്ടിന് ആരംഭിച്ച യാത്ര കാട്ടാക്കട പഞ്ചായത്തിലെ 11 വാർഡുകളിലൂടെ 10 കിലോമീറ്റർ പിന്നിട്ട് തൊട്ടരുവിയില്‍ സമാപിച്ചു. ഭൂവിനിയോഗ കമീഷണര്‍ എ. നിസാമുദ്ദീന്‍, ജില്ല പ്ലാനിങ് ഓഫിസര്‍ വി.എസ്. ബിജു, ജില്ല മണ്ണ് സംരക്ഷണ ഓഫിസര്‍ റോയ് മാത്യു, ജില്ല ശുചിത്വമിഷന്‍ കോഒാഡിനേറ്റര്‍, ഇറിഗേഷന്‍ വകുപ്പ് സൂപ്രണ്ടിങ് എൻജിനീയര്‍ ഉദയകുമാര്‍ എന്നിവരും പങ്കെടുത്തു. തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്റ്റുഡൻറ് പൊലീസ് കാഡറ്റ്, എന്‍.എസ്.എസ് വളൻറിയര്‍മാര്‍, നാട്ടുകാര്‍ തുടങ്ങി അഞ്ഞൂറിലധികം പേര്‍ യാത്രയെ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.