കരുനാഗപ്പള്ളി: ഗതാഗതക്കുരുക്കഴിയാത്ത കരുനാഗപ്പള്ളി നഗരത്തിൽ അപകടങ്ങൾ നിത്യസംഭവമാകുന്നു. ട്രാഫിക് പരിഷ്കാരങ്ങളുടെ ഭാഗമായി ദേശീയപാതയിൽ നിലവിൽ സിവിൽ സ്റ്റേഷന് മുൻവശത്ത് നിലവിലുണ്ടായിരുന്നതിന് പുറമേ ലാലാജി ജങ്ഷനിലും പുതിയകാവ്, ഓച്ചിറ എന്നിവിടങ്ങളിലും ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിച്ചെങ്കിലും നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. കഴിഞ്ഞദിവസം നഗരത്തിൽ നഗരസഭ കാര്യലയത്തിന് മുന്നിൽ ഒരാൾ ടോറസ് ലോറിക്കടിയിൽപെട്ട് തൽക്ഷണം മരിച്ചിരുന്നു. കരുനാഗപ്പള്ളിയിലെ ട്രാഫിക്ക് കുരുക്കിന് പരിഹാരം കാണാൻ കഴിഞ്ഞ മന്ത്രിസഭയുടെ അവസാനഘട്ടത്തിൽ ദീർഘകാലത്തെ ആവശ്യമായ ട്രാഫിക് യൂനിറ്റ് അനുവദിച്ചിരുന്നു. എന്നാൽ, ട്രാഫിക് യൂനിറ്റിലേക്ക് ആവശ്യമായ പൊലീസ് സേനയെ നിയമിക്കുമെന്ന് പ്രഖ്യാപനം നടത്തിയതല്ലാതെ ഒന്നും നടന്നില്ല. ട്രാഫിക് ഡ്യൂട്ടിക്ക് നിലവിൽ പൊലീസ് സ്റ്റേഷനിലെ പൊലീസ് സേനയെയാണ് ഉപയോഗിക്കുന്നത്. സ്റ്റേഷനിൽ തന്നെ ആവശ്യത്തിന് പൊലീസുകാരില്ലാത്ത സ്ഥിതിയാണ്. കരുനാഗപ്പള്ളിയിലെ റോഡുകളുടെ വികസനമില്ലായ്മയും വാഹനങ്ങളുടെ പെരുപ്പവുമാണ് ഗതാഗതക്കുരുക്കിന് കാരണം. ഗതാഗതക്കുരുക്കിന് പരിഹാരത്തിന് താലൂക്ക് വികസനസമിതിയും ഗതാഗത ഉപദേശക സമിതി കൂടി പരിഷ്കാരങ്ങൾ നിർദേശിക്കുന്നുണ്ടെങ്കിലും പരിഹാരമാകുന്നില്ല. നഗരംനേരിടുന്ന നിലവിലെ പ്രശ്നം അനധികൃത പാർക്കിങ്ങും മറ്റ് തടസ്സങ്ങളുമാണ്. ആവശ്യത്തിന് പൊലീസ് സേനയെ നിയോഗിച്ച് ട്രാഫിക് യൂനിറ്റ് പ്രവർത്തനം തുടങ്ങണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.