തിരുവനന്തപുരം: ജോലിയിൽനിന്ന് യുവതിയെ പിരിച്ചുവിട്ട സംഭവത്തിൽ വനിത കമീഷൻ പൊലീസിനോടും ലേബർ ഓഫിസറോടും റിപ്പോർട്ട് ആവശ്യപ്പെട്ടു. തലസ്ഥാനത്ത് ജോലിചെയ്യുന്ന സ്ഥാപനത്തിൽനിന്ന് വിദ്യാർഥികളുടെ ഫീസ് കാണാതായെന്നും അത് എടുത്തെന്ന് ആരോപിച്ചാണ് പിരിച്ചുവിട്ടതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഈ ആരോപണത്തിൽ കഴമ്പില്ലെന്നും അകാരണമായി പിരിച്ചുവിടുകയായിരുന്നെന്നും യുവതി വനിത കമീഷൻ ആസ്ഥാനത്ത് നടന്ന മിനി അദാലത്തിൽ വ്യക്തമാക്കി. ഇതിനെ തുടർന്നാണ് കമീഷൻ അംഗം ഷിജി ശിവജി റിപ്പോർട്ട് ആവശ്യപ്പെട്ടത്. റെയിൽവേ ആശുപത്രിയിലെ പുരുഷ ഡോക്ടർ പീഡിപ്പിച്ചെന്ന കീഴ്ജീവനക്കാരിയുടെ പരാതിയിൽ കമീഷൻ അംഗം ഷാഹിദാ കമാലിെൻറ നിർദേശ പ്രകാരം വകുപ്പ് മേധാവിയോട് റിപ്പോർട്ട് തേടാനും തീരുമാനിച്ചു. ഈ ഡോക്ടർക്കെതിരെ നേരത്തെയും പൊലീസിനും കമീഷനും പരാതികൾ ലഭിച്ചിരുന്നു. റിപ്പോർട്ട് ലഭിച്ച ശേഷം കർശനനടപടി സ്വീകരിക്കുമെന്ന് ഷാഹിദാ കമാൽ അറിയിച്ചു. അദാലത്തിൽ കുടുംബപ്രശ്നങ്ങളും ഗാർഹിക പീഡന പരാതികളുമാണ് കൂടുതൽ പരിഗണിച്ചത്. കേസുകളുടെ എണ്ണം കൂടുന്നതിനാൽ മിനി അദാലത്തുകൾ തിരുവനന്തപുരത്തെ കമീഷൻ ആസ്ഥാനത്ത് നടത്താൻ തീരുമാനിക്കുകയായിരുന്നു. അടുത്ത അദാലത് ഒക്ടോബർ 23ന് കമീഷൻ ആസ്ഥാനത്ത് തന്നെ നടത്തും. അദാലത്തിൽ 36 കേസുകൾ പരിഗണിച്ചു. 13 എണ്ണം തീർപ്പാക്കി. 17 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി. നാല് കേസുകളിൽ അന്വേഷണവും രണ്ട് കേസുകളിൽ കൗൺസലിങ്ങും നടത്താൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.