ചാരക്കേസ്​: കരുണാകര‍െൻറ രാജിക്ക് ഇടയാക്കിയത് ഘടകകക്ഷികളുടെ ഇടപെടൽ- മുരളീധരൻ

തിരുവനന്തപുരം: ചാരക്കേസ് വിവാദം കത്തിപ്പടരവേ, യു.ഡി.എഫ് ഘടകകക്ഷികളുടെ നിലപാടാണ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കെ. കരുണാകര​െൻറ രാജിക്ക് ഇടയാക്കിയതെന്ന് കെ. മുരളീധരൻ എം.എൽ.എ. രണ്ടു ഘടകകക്ഷികൾ മാത്രമാണ് കരുണാകരൻ രാജിെവക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്. രാജി ആവശ്യപ്പെട്ട് പ്രധാന ഘടകകക്ഷി പ്രധാനമന്ത്രി നരസിംഹ റാവുവിനെ കണ്ടിരുന്നു. റാവു മുൻകൈയെടുത്ത് ചർച്ച നടത്തിയിരുന്നുവെങ്കിൽ രാജി ഒഴിവാക്കാമായിരുന്നുവെന്നും തിരുവനന്തപുരം പ്രസ് ക്ലബി​െൻറ മീറ്റ് ദി പ്രസിൽ അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിസം ശക്തമായിരുന്നെങ്കിലും മുഖ്യമന്ത്രി മാറണമെന്ന് ഗ്രൂപ്പുകൾ ആവശ്യപ്പെട്ടിരുന്നില്ല. ശൈലി മാറ്റണമെന്നായിരുന്നു ആവശ്യം. എന്നാൽ, ചാരക്കേസോടെ പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങളിൽ ഘടകകക്ഷികൾ ഇടപെട്ടു. കരുണാകരനെ കേന്ദ്ര രാഷ്ട്രീയത്തിലേക്ക് മാറ്റുകയും പകരം ആളെ നൽകുകയും വേണമെന്നായിരുന്നു അവരുടെ നിലപാട്. എൻ.ഡി.പി ചെയർമാൻ പി.കെ. നാരായണപ്പണിക്കരും സി.എം.പി ജനറൽ സെക്രട്ടറി എം.വി. രാഘവനുമാണ് കരുണാകരൻ രാജിെവക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്. 'അമ്മ' സംഘടനയുടെ യോഗത്തിൽ പ്രസംഗിക്കാനെത്തിയ കരുണാകരനെതിരെ കൂക്കിവിളി ഉയർന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ പോയപ്പോൾ കരിങ്കൊടി വീശി. ഇതോടെയാണ് ഘടകകക്ഷികൾ ഇടപെട്ടത്. ആരോപണം നേരിട്ട ഐ.ജി രമൺ ശ്രീവാസ്തവയെ സസ്പെൻഡ് ചെയ്യണമെന്ന് ഘടകകക്ഷികൾ ആവശ്യപ്പെട്ടു. തെളിവില്ലാത്തതിനാൽ നടക്കില്ലെന്നായിരുന്നു കരുണാകര​െൻറ നിലപാട്. കേരളത്തിലെ ഏതാനും നേതാക്കൾ ചതിച്ചെന്ന് കരുണാകരൻ പറഞ്ഞിട്ടില്ല. എന്നാൽ, നരസിംഹറാവു ചതിച്ചെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. box തെളിവില്ലാതെ മൈതാനപ്രസംഗം നടത്തിയിട്ട് കാര്യമില്ല തിരുവനന്തപുരം: ചാരക്കേസ് കോൺഗ്രസിൽ പൊതുചർച്ചയാക്കുന്നതിനോട് താൽപര്യമില്ലെന്ന് കെ. മുരളീധരൻ എം.എൽ.എ. തെളിവില്ലാതെ നേതാക്കൾക്കെതിരെ മൈതാനപ്രസംഗം നടത്തിയിട്ട് കാര്യമില്ല. ലോക്സഭ തെരഞ്ഞടുപ്പ് മുന്നൊരുക്കത്തിലേക്ക് പോകുന്ന ഘട്ടത്തിൽ ഇത്തരമൊരു ആരോപണം കൂടി നേരിടാനുള്ള ശക്തി പാർട്ടിക്കില്ല. ചാരക്കേസിൽ പിന്നിൽ നിന്ന് കുത്തിയതിൽ പശ്ചാത്താപമുണ്ടെന്ന കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസ​െൻറ നേരേത്തയുള്ള പ്രതികരണത്തെക്കുറിച്ചുചോദിച്ചപ്പോൾ പശ്ചാത്തപിക്കുന്നത് പ്രായശ്ചിത്തമാണല്ലോ എന്നായിരുന്നു മറുപടി. താനടക്കമുള്ളവർക്ക് പിന്നിൽ നിന്ന് കുത്തലുണ്ടായിട്ടുണ്ട്. അതൊക്കെ തങ്ങൾക്കിടയിലെ സ്നേഹം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.