തിരുവനന്തപുരം നിശാഗന്ധിയിൽ കേരള രാജ്യാന്തര ചലച്ചിത്രമേള മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു . പലസ്തീൻ അംബാസിഡർ അബ്ദുല്ല എം. അബു ഷാവേഷ്, കുക്കു പരമേശ്വരൻ, ചിലി സംവിധായകൻ പാബ്ലോ ലാറോ, കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷൽ തുടങ്ങിയവർ സമീപം
തിരുവനന്തപുരം: പതിഞ്ഞ താളത്തിൽ തുടങ്ങി തിരക്കിൽ അവസാനിക്കുന്ന പതിവ് തെറ്റിച്ച് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇത്തവണ ആദ്യ ദിനം തന്നെ അഭൂതപൂർവമായ തിരക്ക്. കൈരളി, ശ്രീ, നീള എന്നീ മൂന്നു തിയറ്ററുകളും നിറഞ്ഞ സദസ്സിലാണു ഷോ നടന്നത്.ചലച്ചിത്രപ്രേമികൾ കാത്തിരുന്ന ‘ദ് ബ്ലൂ ട്രെയ്ൽ’ എന്ന ചിത്രം കാണാനായിരുന്നു തിരക്ക് കൂടുതൽ. ‘ദ് സൺ റെസസ് ഓൺ അസ് ഓൾ’, ‘ദ് വെർജിൻ ഓഫ് ദ് ക്വാറി ലേക് 7 എന്നീ ചിത്രങ്ങൾക്കും ഡെലിഗേറ്റുകൾ ഇടിച്ചുകയറി. ചൈനയിൽ നിന്നുള്ള ‘ദ് സൺ റൈസസ് ഓൺ അസ് ഓൾ’ ചിത്രം കാണാൻ കൈരളിയുടെ തറയിലും ഒട്ടേറെപ്പേർ നിരന്നു.
തുർക്കി സംവിധായകൻ എർക്കാൻ യാസുജിയുടെ ഉദ്വേഗം നിറഞ്ഞ സർവൈവൽ ഡ്രാമ ഫ്രാഗ്മെൻറ്സ് ഫ്രം ദി ഈസ്റ്റിന് മേളയുടെ ആദ്യ ദിനം മികച്ച പ്രേക്ഷക പ്രതികരണം നേടി. ശ്രീ തിയറ്ററിൽ രാവിലെ 10.15 നായിരുന്നു പ്രദർശനം.
2,700 മീറ്റർ ഉയരത്തിലുള്ള കടുത്ത ശൈത്യവും ചെന്നായകൾ സഞ്ചരിക്കുന്ന അപകടഭൂമിയുമായ തുർക്കിയിലെ സാഹചര്യങ്ങളിൽ ചിത്രീകരിച്ച ഈ 131 മിനിറ്റ് ദൈർഘ്യമുള്ള സിനിമ മനുഷ്യമനസ്സിന്റെ ചെറുത്തുനിൽപ്പിന്റെ പച്ചയായ അവതരണവും മനോഹരമായ ദൃശ്യങ്ങളും കൊണ്ട് കയ്യടി നേടി. യാഥാർത്ഥ ലൊക്കേഷനുകളിൽ ചിത്രീകരിച്ചതിനാൽ അതിന്റെ ദൃശ്യവിശാലതയും യാഥാർത്ഥ്യബോധവും ഊട്ടിയുറപ്പിക്കുന്നു.
ചലച്ചിത്രമല്ല, ഒരു യഥാർത്ഥ സംഭവമെന്ന പ്രതീതിയാണ് പടം കണ്ടിറങ്ങിയ പ്രേക്ഷകരിൽ ഉളവായത്. ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ഫ്രഞ്ച് ചിത്രം ‘നിനോ’ ആദ്യ ദിനം പ്രേക്ഷകരുടെ ഹൃദയം കവർന്നു.
സംവിധായിക പോളിൻ ലോക്വിൻ്റെ വൈകാരികവും മനഃശാസ്ത്രപരവുമായ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.തിയഡോർ പെല്ലെറിൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ അപ്രതീക്ഷിതമായി കാൻസർ രോഗം സ്ഥിരീകരിക്കുന്ന ഒരു യുവാവിന്റെ മാനസിക സംഘർഷങ്ങളെ തീവ്രമായി അവതരിപ്പിക്കുന്നു. എട്ട് ദിവസം തിരുവനന്തപുരത്തെ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ കാണികൾക്ക് വിരുന്നാകും. 26 വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയാണ് സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.