ഞങ്ങളിറങ്ങുന്നു...തിരുാനന്തപുരം കോർപറേഷൻ അവസാന കൗൺസിൽ യോഗത്തിൽ മെമേന്റാ നൽകിയതിന് ശേഷം മേയർ ആര്യ രാജേന്ദ്രനും ഡെപ്യൂട്ടി മേയർ പി.കെ.രാജുവും ഹസ്തദാനം ചെയ്യുന്നു.
തിരുവനന്തപുരം: വാദങ്ങളും പ്രതിവാദങ്ങളും വിവാദങ്ങളും നിറഞ്ഞ അഞ്ചുവർഷത്തെ ഭരണകാലയളവിന് പൂർണവിരാമിട്ട് കോർപറേഷന്റെ അവസാന കൗൺസിൽ യോഗം മേയർ ആര്യ രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്നു. വാഗ്വാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നിറഞ്ഞ കൗൺസിൽ ഹാളിൽ ഇന്നലെ നിറഞ്ഞുനിന്നത് ഭരണ- പ്രതിപക്ഷ മുഖങ്ങളിലെ നിറഞ്ഞ ചിരികളും പരിഭവങ്ങളുമായിരുന്നു. പോരടിച്ചവർ പരസ്പരം കെട്ടിപ്പിടിച്ചും സെൽഫിയെടുത്തും വ്യക്തി അധിഷിഠിത ആരോപണങ്ങളിൽ ക്ഷമപറഞ്ഞും തങ്ങളുടെ അവസാന കൗൺസിൽ യോഗം അവർ അനുസ്മരണീയമാക്കി.
ഭരണകാലയാളവിൽ മരണപ്പെട്ടുപ്പോയ ആറ് കൗൺസിലർമാരെയും യോഗം അനുസ്മരിച്ചു. അന്തരിച്ച മുല്ലൂർ വാർഡ് കൗൺസിലറായിരുന്ന ഓമന, മുട്ടട വാർഡ് കൗൺസിലർ റിനോയ് ടി.പി, വെട്ടുകാട് കൗൺസിലർ സാബു ജോസ് എന്നിവരുടെ കുടുംബങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. കൗൺസിലർമാരെ മേയർ ആര്യ രാജേന്ദ്രൻ ആദരിച്ചു. കൗണ്‍സിലര്‍മാരായ എസ്.എസ് ശരണ്യയും എല്‍.എസ്. ആതിരയും തങ്ങളുടെ ആറുമാസം പ്രായമുള്ള കുഞ്ഞുങ്ങളെയുമായാണ് കൗണ്‍സിലിന് എത്തിയത്.
ജനങ്ങളെ സേവിക്കാനും ലഭിച്ചിട്ടുള്ള സൗഹൃദങ്ങൾ നിലനിറുത്താനും ഏവരും ശ്രമിക്കണമെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് പി.പത്മകുമാർ പറഞ്ഞു. സമരങ്ങളും പ്രതിഷേധങ്ങളും ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ലെന്നും മനപ്രയാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് സംസാരിച്ച ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ.ഗോപനും രാഷ്ട്രീയത്തിലേക്ക് കടക്കാതെ സഹപ്രവർത്തകരോടും മേയറോടും നന്ദി അറിയിച്ചു.
എന്നാൽ തുടർന്ന് സംസാരിച്ച പാളയം രാജൻ പ്രതിപക്ഷത്തിന്റെ സമരങ്ങളെ ആഭാസമെന്നും ഉണ്ടയില്ലാത്ത വെടിയെന്നും പരിഹസിച്ചതിനെ തുടർന്ന് സംസാരിച്ച കോൺഗ്രസ് കൗൺസിലർ മേരി പുഷ്പവും ബി.ജെ.പി കൗൺസിലർ ഗിരികുമാറും അതേനാണയത്തിൽ തിരിച്ചടിച്ചു. പ്രതിപക്ഷ ധർമമാണ് തങ്ങൾ നിറവേറ്റിയതെന്നും സമരവും പ്രതിഷേധങ്ങളുമാണ് ജനാധിപത്യത്തിന്റെ ഭംഗിയെന്നും ഇരുവരും തിരിച്ചടിച്ചു. എന്നാൽ തുടർന്ന് സംസാരിച്ച ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു അടക്കമുള്ളവർ പഴയകാല ഓർമകളെ ചികഞ്ഞ് എടുക്കാൻ മടികാണിച്ചതോടെ സ്പെഷൽ കൗൺസിൽ അലങ്കോലമായില്ല.തുടർന്ന് കൗൺസിലർമാരെല്ലാം ഒരുമിച്ച് ഫോട്ടോയെടുത്തും ഭക്ഷണം കഴിച്ചുമാണ് കോർപറേഷന്റെ പടിയിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.