മുഖ്യമന്ത്രിയുടെ വസതിക്ക്​ മുന്നിൽ പ്രതീകാത്മക ആത്മഹത്യ സമരവുമായി കശുവണ്ടി വ്യവസായികൾ

കൊല്ലം: കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതീകാത്മക ആത്മഹത്യ സമരം നടത്തുമെന്ന് കേരള കശുവണ്ടി വ്യവസായ സംയുക്ത സമരസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൊഴിലാളികളും വ്യവസായികളും ഒരുപോലെ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ നിഷേധാത്മക നിലപാടാണ് വകുപ്പുമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. 90 ശതമാനം കശുവണ്ടി ഫാക്ടറികളും അടഞ്ഞുകിടക്കുകയാണ്. ബാക്കിയുള്ള ഫാക്ടറി ഉടമകളെ മന്ത്രി ഫോണിൽ വിളിച്ച് സമരത്തിൽനിന്ന് പിന്തിരിപ്പിക്കുന്നു. വ്യവസായത്തിൽ ഒരു പ്രശ്നവുമില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറയുന്നത്. നിലവിൽ 161 വ്യവസായികൾ ജപ്തി ഭീഷണിയിലാണ്. എന്നിട്ടും വകുപ്പു മന്ത്രി എല്ലാം നിസാരവത്കരിക്കുകയാണെന്ന് കൺവീനർ കെ. രാജേഷ് പറഞ്ഞു. തുടർന്ന് തൊഴിലാളികളെ സംഘടിപ്പിച്ച് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ വസതിക്കു മുന്നിൽ അനിശ്ചിതകാലസമരം നടത്തും. വ്യവസായികളുടെ വീടുകൾ ജപ്തി ചെയ്ത് ഇറക്കിവിടുകയാണ് ബാങ്കുകളും എ.ആർ.സി കമ്പനികളും ചെയ്യുന്നത്. സെക്രേട്ടറിയറ്റിന് മുന്നിലേക്ക് തൊഴിലാളികളെ സംഘടിപ്പിച്ച് മാർച്ച് നടത്തിയിട്ടും പരിഹാരമാർഗങ്ങൾ ഉണ്ടായില്ലെന്നും ഭാരവാഹികൾ പറഞ്ഞു. സമിതി പ്രസിഡൻറ് ഐ. നിസാമുദ്ദീൻ, ഷാ സലിം, വിശ്വൻ മോഹൻദാസ്, മാനുവൽ മോഹൻദാസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.