ആറ് സ്കൂളുകളില്‍ ജല ഗുണനിലവാര പരിശോധന ലാബുകള്‍

കാട്ടാക്കട: നിയോജക മണ്ഡലത്തില്‍ നടപ്പാക്കിവരുന്ന വറ്റാത്ത ഉറവക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സി.സി.ഡിയുമായി ചേര്‍ന്ന് മണ്ഡലത്തിലെ ആരംഭിക്കുന്നു. കുളത്തുമ്മല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, മലയിന്‍കീഴ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, വിളവൂര്‍ക്കൽ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, മാറനല്ലൂർ ഡി.വി.എന്‍.എം ഹൈസ്കൂള്‍, പേയാട് സ​െൻറ് സേവിയേഴ്സ്, നേമം വിക്ടറി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലാണ് ജല ഗുണനിലവാര പരിശോധന ലാബുകള്‍ ആരംഭിക്കുന്നത്. സ്കൂളുകളില്‍ രൂപവത്കരിച്ചിട്ടുള്ള ജല ക്ലബുകളിലെയും എന്‍.എസ്.എസ് യൂനിറ്റിലെയും വിദ്യാർഥികളാണ് പരിശോധനക്ക് നേതൃത്വം നല്‍കുക. ആദ്യഘട്ടത്തില്‍ സ്കൂളുകളിലെ വിദ്യാർഥികളുടെ വീടുകളില്‍നിന്ന് കിണര്‍ വെള്ളം ശേഖരിച്ച് സ്കൂളുകളില്‍ എത്തിച്ച് പരിശോധിച്ച് ജലശുദ്ധി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ്. തുടര്‍ന്ന് നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ജലപരിശോധന നടത്തും. ജല ഗുണനിലവാര പരിശോധന നടത്തുന്നതിനാവശ്യമായ കിറ്റുകള്‍ സി.സി.ഡി.യു ലാബുകള്‍ക്ക് നല്‍കുകയും പരിശോധനക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യും. ഒരുകിറ്റ് ഉപയോഗിച്ച് 80 മുതല്‍ 100 സാമ്പിള്‍വരെ പരിശോധിക്കാന്‍ കഴിയും. തെരഞ്ഞെടുത്ത സ്കൂളുകളിലെ അധ്യാപകര്‍ക്കും വിദ്യാർഥികള്‍ക്കുമുള്ള ഏകദിന പരിശീലന പരിപാടി മലയിന്‍കീഴ് ഗവ. ഗേൾസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഐ.ബി. സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.സി.ഡി.യു ഡയറക്ടര്‍ ഡോ. സുനില്‍കുമാര്‍. ജി അധ്യക്ഷതവഹിച്ചു. ഭൂവിനിയോഗ കമീഷണര്‍ എ. നിസാമുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ജീജ. ഐ.ആര്‍, ഹെഡ്മാസ്റ്റര്‍ രാജീവ്.എ.എസ്, ജല ക്ലബ് കോഒാഡിനേറ്റര്‍ വേണു തോട്ടുങ്കര, സി.സി.ഡി.യു കണ്‍സൾട്ടൻറ് ജസ്ന സൈനുദ്ദീന്‍, ഒാള്‍സെയ്ൻറ്സ് കോളജ് അസിസ്റ്റൻറ് പ്രഫസര്‍ ഡോ. ബീനകുമാരി, സി.സി.ഡി.യു റിസോഴ്സ്പേഴ്സണ്‍ മുകേഷ്. ബി.കെ എന്നിവര്‍ സംസാരിച്ചു. 'ജൈവഗ്രാമം സന്തുഷ്ടഗ്രാമം' ചിറയിന്‍കീഴ്: ബ്ലോക്ക് പഞ്ചായത്തിലെ കൃഷി, മണ്ണ്, ജലം, ടൂറിസം എന്നീ മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ആരംഭിച്ച 'ജൈവഗ്രാമം സന്തുഷ്ട ഗ്രാമം'പദ്ധതി ശ്രദ്ധേയമാകുന്നു. ഹരിത കേരള മിഷ​െൻറ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്ന സമഗ്ര കാര്‍ഷിക സാമൂഹിക വികസനകര്‍മ പദ്ധതിയാണിത്. മൂന്നു വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാന റിമോര്‍ട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മൻറ് സ​െൻററാണ് (കെ.എസ്.ആര്‍.ഇ.സി) പദ്ധതിക്ക് സാങ്കേതികസഹായം നല്‍കുന്നത്. ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയുമാണ് ഭൂമിശാസ്ത്രപരമായ വിവരശേഖരണം നടത്തുന്നത്. ജിയോ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ചാണ് പദ്ധതിക്കുവേണ്ട സൂക്ഷ്മ നീര്‍ത്തട അടിസ്ഥാന പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. പദ്ധതി നടത്തിപ്പിന് ജനകീയ അവബോധ പരിപാടികളും ജനപ്രതിനിധികളുടെ പരിശീലനവും ആരംഭിച്ചു. വാര്‍ഡുകളില്‍നിന്ന് തെരഞ്ഞെടുക്കുന്ന 10 പേര്‍ അടങ്ങിയ സംഘത്തിന് വിവരശേഖരണത്തിന് വിദഗ്ധര്‍ പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാകുന്നതോടെ മൊബൈല്‍ ആപ്ലിക്കേഷ​െൻറ സഹായത്തോടെ സര്‍വേ ആരംഭിക്കും. ജലസ്രോതസ്സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ 'വെല്‍ലോഗ്' എന്ന ആപ്പിലും വസ്തുവിവരങ്ങള്‍ 'അസറ്റ് പ്ലോട്ടർ'എന്ന ആപ്പിലും രേഖപ്പെടുത്താം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭൂപടം തയാറാക്കുന്നത്. വന്‍തോതിലുള്ള നീര്‍ത്തട നികത്തല്‍, കൈയേറ്റങ്ങള്‍ എന്നിവയെ ചെറുക്കാനും ഇതിലൂടെ സാധിക്കും. എന്നാല്‍, നിലവില്‍ നടന്നിട്ടുള്ള കൈയേറ്റങ്ങള്‍ ഭൂപട നിർമാണത്തി​െൻറ മറവില്‍ സാധൂകരിച്ച് നല്‍കപ്പെടുമെന്ന ആശങ്കയും നിലവിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.