കൊല്ലം: എസ്.എസ്.എല്‍.സി, മറ്റ് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തുന്നതുമായി ബന്ധപ്പെട്ട് പൊതുപരീക്ഷ കമീഷണറുടെ കാര്യാലയവുമായി ബന്ധപ്പെട്ട നടപടികള്‍ ലഘൂകരിക്കാൻ ഇടനിലക്കാരെ സഹായിച്ച് ജില്ലയിലെ സ്കൂള്‍ അധികൃതര്‍. ജില്ലയിലെ മിക്ക സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലും അധികൃതരുടെ ഒത്താശയോടെ വന്‍ തുക ഈടാക്കി ഇടനിലക്കാരെ സഹായിക്കുകയാണെന്ന പരാതി വ്യാപകമാണ്. ജനന തീയതിയിലെ പിഴവ്, വിദ്യാര്‍ഥികളുടെയും രാക്ഷാകർത്താക്കളുടെയും പേര്, ജനനസ്ഥലം, മാര്‍ക്ക്, ജാതി, മതം, ലിംഗം, വിലാസം, തിരിച്ചറിയല്‍ അടയാളം തുടങ്ങിയവ തിരുത്തുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളിലാണ് കൂടുതലും തിരുത്തലിനായി സ്കൂള്‍ അധികൃതരെ ആശ്രയിക്കുന്നത്. പരീക്ഷഭവനില്‍ എസ്.എസ്.എല്‍.സി, ടി.ടി.സി, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിന് ചെലവാകുന്നത് 350 രൂപയാണ്. ഈ തുക ട്രഷറികളിലാണ് അടക്കേണ്ടത്. എന്നാല്‍, സ്കൂള്‍ അധികൃതര്‍ ഇതിന് മാത്രം 1500 രൂപയാണ് അപേക്ഷകരില്‍നിന്ന് വാങ്ങി ഇടനിലക്കാര്‍ക്ക് നല്‍കുന്നത്. മാസത്തില്‍ ഒന്നോ രണ്ടോ തവണകളില്‍ മാത്രമാണ് ഇടനിലക്കാര്‍ സ്കൂളില്‍ വന്നുപോകുന്നത്. അപേക്ഷകരിൽനിന്ന് തുക വാങ്ങി ഇടനിലക്കാരെ ഫോണിൽ അറിയിക്കുന്ന സ്കൂൾ ജീവനക്കാരും ഉണ്ട്. ഓരോ സ്കൂളില്‍നിന്നും എത്ര അപേക്ഷ ലഭിച്ചിട്ടുണ്ടോ, അത് കണക്കാക്കിയുള്ള കമീഷനും സ്കൂള്‍ അധികൃതര്‍ക്ക് ഇടനിലക്കാര്‍ നല്‍കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.