കൊല്ലം: ഗുണ്ടാസംഘം കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കൊറ്റങ്കര പേരൂർ അയ്യരുമുക്കിന് സമീപം പ്രോമിസ് ലാൻഡിൽ രൻജിത് ജോൺസെൻറ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തുനിന്ന് മാറ്റാൻ പ്രതികൾ പദ്ധതിയിട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ. യുവാവിനെ കാണാതായ സംഭവത്തിലെ അന്വേഷണം തങ്ങളിലെത്തുമെന്ന് മനസ്സിലാക്കിയാണ് പ്രതികൾ ഇതിന് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിലെ സമുന്ദാപുരം പൊന്നക്കുടിയിലാണ് മൃതദേഹം കുഴിച്ചിട്ടത്. പ്രതികളുടെ നീക്കത്തെക്കുറിച്ച് സൂചന ലഭിച്ചതോടെ ആറിനുതന്നെ പൊലീസ് കാവൽ ഏർപ്പെടുത്തി. പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച രണ്ട് കാറുകൾ കണ്ടെത്താൻ പൊലീസ് ശ്രമം ആരംഭിച്ചു. രൻജിത്തിനെ വീട്ടിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ ഷെവർലെ ബീറ്റ് കാറിനെക്കുറിച്ചും കൊലപ്പെടുത്തിയ ശേഷം പോളച്ചിറയിൽനിന്ന് മൃതദേഹം മറവു ചെയ്യാനായി കൊണ്ടുപോയ സ്വിഫ്റ്റ് കാറിനെക്കുറിച്ചുമാണ് അന്വേഷിക്കുന്നത്. ഇതിനായി നിരവധി സി.സി.ടി.വികളിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്. പ്രതികൾക്ക് കാറെടുത്തു നൽകിയത് അറസ്റ്റിലായ ആറാംപ്രതി വിനേഷാണ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്താലേ കൂടുതൽ വിവരങ്ങൾ വെളിപ്പെടൂവെന്ന് െപാലീസ് പറഞ്ഞു. മുഖ്യപ്രതിയടക്കം മറ്റുള്ളവർക്കായി പൊലീസ് സംസ്ഥാനത്തിനകത്തും പുറത്തുമായി അന്വേഷണം തുടരുകയാണ്. കൃത്യം നടന്ന ചാത്തന്നൂർ പോളച്ചിറയിലും മൺവെട്ടി വാങ്ങിയ കടയിലുമെത്തി തെളിവ് ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.