പാർവതീപുത്തനാറിൽ ആയിരത്തിലധികം കൈയേറ്റമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പാർവതീപുത്തനാറിൽ ആയിരത്തിലധികം കൈയേറ്റമെന്ന് റവന്യൂ വകുപ്പി​െൻറ അന്വേഷണ റിപ്പോർട്ട്. ദേശീയ ജലപാത വികസനവുമായി ബന്ധപ്പെട്ട് സർവേ നടത്തിയ വകുപ്പിലെ ഉദ്യോഗസ്ഥരാണ് കൈയേറ്റത്തെക്കുറിച്ച് റിപ്പോർട്ട് നൽകിയത്. ജലപാത പദ്ധതി നടപ്പാക്കണമെങ്കിൽ കൈയേറ്റം ഒഴിപ്പിക്കേണ്ടിവരും. ഓപറേഷൻ അനന്തയുടെ രണ്ടാം ഘട്ടത്തിൽ പാർവതീപുത്തനാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണെന്നാണ് റവന്യൂ അധികൃതർ പറയുന്നത്. നഗരത്തിലെ ഓടകളുടെ ജലനിർഗമനം സുഗമമാക്കാനും കൈയേറ്റ സ്ഥലം തിരിച്ചുപിടിക്കാനുമാണ് നേരത്തെ ഓപറേഷൻ അനന്ത നടപ്പാക്കിയത്. അതി​െൻറ ഭാഗമായി വ്യാപകമായ കൈയേറ്റം ഒഴിപ്പിച്ചിരുന്നു. ഒന്നാം ഘട്ടത്തിന് 20 കോടി രൂപയാണു ചെലവഴിച്ചത്. എന്നാൽ, രണ്ടാം ഘട്ടത്തിന് കൂടുതൽ തുക വേണ്ടിവരും. ഒന്നാം ഘട്ടത്തിൽ ഓടകൾ തെളിക്കാനും നഗരത്തിലെ വെള്ളക്കെട്ടിന് ഒരു പരിധിവരെ പരിഹാരം കാണാനും സാധിച്ചു. ഇതി​െൻറ ഭാഗമായി തമ്പാനൂർ ചൈത്രം ഹോട്ടലിന് മുന്നിലൂടെ റെയിൽവേ സ്റ്റേഷൻ വഴി കട‌ന്നുപോകുന്ന ഓടയും റെയിൽവേ പ്ലാറ്റ്ഫോമിന് അടിയിലൂടെ കടന്നുപോകുന്ന ഓടയും ശുചിയാക്കിയതോടെ തമ്പാനൂരിലെ വെള്ളക്കെട്ടിന് ശമനം ഉണ്ടായി. എന്നാൽ, കൈയേറ്റം ഒഴിപ്പിച്ച റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ ഇപ്പോഴും കേസുകൾ നിലനിൽക്കുകയാണ്. ഒഴിപ്പിച്ച ഭൂമികൾ തിരിച്ചു നൽകണമെന്നാണ് കേസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അനന്തയുടെ രണ്ടാംഘട്ടം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കലക്ടർ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രണ്ടാം ഘട്ടം ആരംഭിക്കുമെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചിരുന്നത്. അതേസമയം, രാജധാനി വാണിജ്യ സമുച്ചയത്തിന് അടിയിലൂടെ കടന്നുപോകുന്ന ഓട വീണ്ടെടുക്കുന്ന കാര്യം ഇപ്പോഴും പ്രതിസന്ധിയിലാണെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നു. കേസിപ്പോൾ കോടതിയുടെ പരിഗണനയിലാണ്. രാജധാനിയുടെ പിൻഭാഗത്തെ 52.90 മീറ്റർ സ്ഥലമാണ് വീണ്ടെടുക്കേണ്ടത്. സമുച്ചയത്തി​െൻറ ലിഫ്റ്റി​െൻറ അടിഭാഗത്തുകൂടിയാണ് ഓട കടന്നുപോകുന്നതെന്ന് റവന്യൂ വിഭാഗം കണ്ടെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.