വലിയതുറ: മോഷ്ടാക്കള്‍ കൂട്ടത്തോടെ ലഹരികടത്തിലേക്ക്. തീരദേശം മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍. ഒരുമാസത്തിനിടെ ലഹരിമാഫിയക്കെതിരെ പൊലീസും എക്സൈസും നടത്തിയ പരിശോധനയിൽ കൂടുതലും പിടിയിലായത് മോഷണക്കുറ്റത്തിന് തടവുശിക്ഷ കഴിഞ്ഞ് ഇറങ്ങിയവരാണ്. കോടിക്കണക്കിന് രൂപയുടെ ലഹരി ഉൽപന്നങ്ങളായിരുന്നു ഇവരിൽ നിന്ന് പിടികൂടിയത്. വിലകുറഞ്ഞ കഞ്ചാവ് മുതല്‍ മുന്തിയ ഇനമായ ഹഷീഷും ഹെറോയിനും വരെ ഇവര്‍ കടത്തുന്നുണ്ട്. തലസ്ഥാനത്ത് എത്തുന്ന ലഹരിവസ്തുക്കൾ ഭൂരിഭാഗവും എത്തുന്നത് തീരദേശത്തേക്കാണ്. ഇവിടെ നിന്നാണ് ചില്ലറ വില്‍പനകള്‍ക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോവുന്നത്. ആറുമാസത്തിനിടെ ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്ന് പിടികൂടിയ കഞ്ചാവ്-മയക്കുമരുന്ന് കേസിൽ സത്രീകളടക്കമുള്ള പ്രതികളിലധികവും തീരദേശത്തുള്ളവരാണ്. മാഫിയക്ക് പൊലീസിലെ ചില ഉദ്യോഗസ്ഥർ ഒത്താശചെയ്യുന്നുണ്ടെന്ന ആരോപണം ശക്തമാണ്. എന്നാൽ, പലപ്പോഴും ഇവർക്കെതിരെ നടപടിയുണ്ടാവുന്നില്ല. ടെക്കികൾ, വിദേശടൂറിസ്റ്റുകൾ, വിദ്യാർഥികൾ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവരെ ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനം. തീരദേശത്ത് മയക്കുമരുന്ന് ഉപേയോഗം കൂടിയതോടെ പോക്സോ (കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം) കേസുകളില്‍ പിടിക്കപ്പെടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. മൂന്ന് മാസത്തിനിടെ ജില്ലയില്‍ കൂടുതല്‍ പോക്സോ കേസുകള്‍ രജിസ്റ്റർ ചെയ്തത് പൂന്തുറ പൊലീസ് സ്റ്റേഷനിലാണ്. കേസിൽ ഉന്നതർക്ക് പങ്കുള്ളതിനാൽ അന്വേഷണം വഴിമുട്ടാറാണ് പതിവ്. തീരദേശത്തെ പല മെഡിക്കല്‍ സ്റ്റോറുകളിലും ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ ലഹരിമരുന്നുകളും ക്യാപ്സ്യൂളുകളും വിതരണം ചെയ്യുന്നതും പതിവാണ്. ലഹരി വാങ്ങാന്‍ തീരദേശത്ത് എത്തുന്നവര്‍ക്ക് സുരക്ഷയൊരുക്കാന്‍ മയക്കുമരുന്ന് മാഫിയ പ്രാദേശികഗുണ്ടകളെ രംഗത്തിറക്കിയിട്ടുണ്ട്. എന്നാൽ, ഇവർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയാറാവുന്നില്ലെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം കാറില്‍ കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവുമായി കുപ്രസിദ്ധ മോഷ്ടാവ് കടയ്ക്കല്‍ പ്രവീണിനെയും കൂട്ടാളിയെയും സിറ്റി ഷാഡോ പൊലീസ് നഗരത്തിൽ വെച്ച് പിടികൂടിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് വിദേശത്തേക്ക് കടത്താന്‍ കൊണ്ടുവന്ന ആറ് കോടിയോളം രൂപ വിലവരുന്ന ഹഷീഷ് ഓയിലും മറ്റൊരു റെയ്ഡിൽ 10 കോടിയുടെ ഹഷീഷും എക്സൈസ് സംഘം പിടികൂടിയിരുന്നു. പിടികൂടുന്നതിെൻറ ഇരട്ടിയിലധികം ലഹരി ഉൽപന്നങ്ങള്‍ എക്സൈസിെൻറയും പൊലീസിെൻറ കണ്ണുവെട്ടിച്ച് ബസ്-ട്രെയിൻ മാർഗം ഇതര സംസ്ഥാനങ്ങളിൽ നിന്ന് തലസ്ഥാനത്തേക്ക് പ്രതിദിനം എത്തുന്നു. ആന്ധ്രപ്രദേശ്, ഒഡിഷ, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതലും എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.