ഇനി അവരും സ്മാര്‍ട്ടാണ്: കാഴ്ച പരിമിതിയുള്ള 1000 പേര്‍ക്ക് പ്രത്യേക സ്മാര്‍ട്ട് ഫോണ്‍

തിരുവനന്തപുരം: സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ ഭിന്നശേഷിയുള്ളവരെ പുനരധിവസിപ്പിക്കാനായി ആവിഷ്‌കരിച്ച 'കാഴ്ച' പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 1000 യുവതീയുവാക്കള്‍ക്ക് പ്രത്യേകം രൂപകൽപന ചെയ്ത സ്മാര്‍ട്ട് ഫോണ്‍ നല്‍കും. ഇതിനായി ഒന്നരക്കോടി രൂപ അനുവദിച്ചെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കാഴ്ചപരിമിതി നേരിടുന്നവര്‍ക്ക് അനായാസം ഉപയോഗിക്കാന്‍ കഴിയുന്നരീതിയിലാണ് ഫോണുകള്‍ തയാറാക്കിയത്. ഡിസ്‌പ്ലേയില്‍ തെളിയുന്ന വിവരങ്ങള്‍ ശബ്ദരൂപത്തിലാക്കി ആവശ്യാനുസരണം ഉപഭോക്താവിനെ അറിയിക്കുന്നരീതിയില്‍ പ്രത്യേകം തയാറാക്കിയ സോഫ്റ്റ്വെയറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഫോണ്‍ ലഭ്യമാക്കുന്നത്. ആശയവിനിമയവുമായി ബന്ധപ്പെട്ട പ്രയാസങ്ങളെയും ചുറ്റുപാടുകളില്‍നിന്ന് അറിവുകള്‍ കണ്ട് മനസ്സിലാക്കുന്നതിനുള്ള പരിമിതികളെയും അതിജീവിക്കുക, സ്വതന്ത്രസഞ്ചാരം സുഗമമാക്കുന്നതിന് പ്രാപ്തരാക്കുക, വിദ്യാഭ്യാസം, വിനോദം, പണമിടപാടുകള്‍ തുടങ്ങിയ കാര്യങ്ങള്‍ നിർവഹിക്കാന്‍ സഹായിക്കുക, കാഴ്ചവെല്ലുവിളി നേരിടുന്നവരെക്കുറിച്ച് അവബോധം വളർത്തുക, ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ കാഴ്ച പരിമിതികൊണ്ടുള്ള പ്രയാസങ്ങള്‍ മറികടക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. കാഴ്ച പദ്ധതിയുടെ ഗുണഭോക്താവാകാൻ കോര്‍പറേഷ​െൻറ www.hpwc.kerala.gov.in ല്‍ പ്രത്യേകം തയാറാക്കിയ അപേക്ഷ ഫോറവും ലഭ്യമാണ്. അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് അനുബന്ധ രേഖകള്‍ സഹിതം വികലാംഗക്ഷേമ കോര്‍പറേഷനില്‍ സമര്‍പ്പിക്കണം. കേരളത്തിലുടനീളം പ്രളയസംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നത് പരിഗണിച്ച് അപേക്ഷ സ്വീകരിക്കുന്ന തീയതി സെപ്റ്റംബര്‍ 15ല്‍നിന്ന് 29ലേക്ക് നീട്ടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.