കൊല്ലം: ചിന്നക്കടയിൽ ആകാശപാതയും കോർപറേഷൻ ഡിവിഷനുകളിൽ ബി.എം ആൻഡ് ബി.സി റോഡ് ടാറിങ്ങും ലക്ഷ്യമിട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോഓപറേറ്റിവ് സൊസൈറ്റി വെള്ളിയാഴ്ച എത്തും. ഗതാഗതക്കുരുക്കിൽ വലയാതെ കാൽനട യാത്രികർക്ക് ചിന്നക്കടയിലെ എല്ലാ റോഡുകളിലേക്കും എത്താൻ കഴിയുന്ന തരത്തിലാണ് ആകാശപാത നിർമിക്കുന്നത്. 20 മുതൽ 25 കോടി വരെയാണ് പദ്ധതിയുടെ നിർമാണചെലവ്. മണ്ണ് പരിശോധനയും നിർമാണ സാധ്യതയും പരിശോധിച്ചശേഷം റിപ്പോർട്ട് നൽകിയതിനു ശേഷമേ തുടർനടപടികളിലേക്ക് കടക്കുകയുള്ളൂ. കൊല്ലം-ചെങ്കോട്ട ദേശീയപാത, ബീച്ച് റോഡ്, ചിന്നക്കട റെയിൽവേ മേൽപ്പാലം, ചവറയിലേക്കുള്ള ബസ്ബേ, ആശ്രാമം റോഡ് എന്നിങ്ങനെ ചിന്നക്കടയിലെ അഞ്ച് റോഡുകളിൽ നിന്നും പ്രവേശിക്കാൻ കഴിയുന്ന തരത്തിലാണ് പാതയുടെ നിർമാണം. അഞ്ച് പ്രവേശനകവാടങ്ങളിലും ചവിട്ടുപടികൾക്കൊപ്പം ലിഫ്ട്, എസ്‌കലേറ്റർ എന്നിവ ഉണ്ടാകും. റോഡിലെ നടപ്പാതകളിലേക്കാണ് ആകാശപാതയുടെ ചവിട്ട് പടികൾ വന്നിറങ്ങുക. ചിന്നക്കട റൗണ്ടിന് നാല് വശത്തുമായുള്ള ഡിവൈഡറുകളിലാണ് ആകാശപാതയുടെ പില്ലറുകൾ ഉറപ്പിക്കുക. ആകാശപാതയുടെ പില്ലറുകളും നടപ്പാതയും കോൺക്രീറ്റിലും മറ്റ് ഭാഗങ്ങൾ സ്റ്റീലിലുമാണ് നിർമിക്കുക. അംഗവൈകല്യമുള്ളവർക്കും ഭിന്നശേഷിക്കാർക്കും വേണ്ടിയാണ് ലിഫ്റ്റ് നിർമിക്കുന്നത്. പദ്ധതി നടപ്പിലായാൽ സംസ്ഥാനത്തെ ആദ്യത്തേതായി മാറും. കോർപറേഷൻ ഡിവിഷനിലെ ചെറുതും വലുതുമായ അമ്പതോളം റോഡുകൾ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിങ് നടത്തുമെന്ന് വികസനസമിതി അധ്യക്ഷൻ എം.എ. സത്താർ പറഞ്ഞു. നിലവിൽ ഏഴു റോഡുകളുടെ നിർമാണം സ്വകാര്യ കരാർ കമ്പനി ഇത്തരത്തിൽ നടക്കുന്നുണ്ട്. രണ്ടാംകുറ്റി- ഉളിയക്കോവിൽ റോഡിെൻറ നിർമാണം പൂർത്തിയായി. കോർപറേഷനുകളിൽ ഇനിയുള്ള റോഡ് ടാറിങ് സൊസൈറ്റിക്ക് കൈമാറാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.