കരുനാഗപ്പള്ളി: നഗരസഭയിലെ ഓടകളിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നത് തടയുന്നതിൽനിന്ന് വൻകിട സ്ഥാപനങ്ങളെ ഒഴിവാക്കിയത് വിവാദമാകുന്നു. നഗരത്തിലെ ദേശീയപാതയുടെ വശത്തെ ഓടകൾ നിരന്തരം നിറഞ്ഞ് റോഡിലും സമീപത്തെ വീടുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലും മാലിന്യം ഒഴുകിപ്പരന്ന് ദുർഗന്ധം ഉണ്ടാകുന്നത് സ്ഥിരമാണ്. കഴിഞ്ഞദിവസവും ഓട നിറഞ്ഞൊഴുകി ടൗണിലെ വീടുകളുടെ പറമ്പിലും മുറ്റത്തും സ്ഥാപനങ്ങളുടെ മുന്നിലും കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടായി. പരാതി ഉയർന്നതോടെ ഓടയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നത് തടയാൻ നഗരസഭ പന്ത്രണ്ടോളം ചെറുകിട സ്ഥാപനങ്ങൾ അടപ്പിച്ചു. എന്നാൽ, നഗരത്തിലെ ബാർ ഹോട്ടലുകൾ, സ്വകാര്യ ആശുപത്രികൾ, ലോഡ്ജുകൾ തുടങ്ങിയ വമ്പൻ സ്ഥാപനങ്ങളെ ഒഴിവാക്കി. മാലിന്യ പൈപ്പുകൾ അടക്കുന്നതുവരെ ചില ചെറുകിട സ്ഥാപനങ്ങൾമാത്രം പൂട്ടിക്കാൻ തീരുമാനിച്ചതാണ് വിവാദമായത്. മാസങ്ങൾക്ക് മുമ്പ് ഓടയിലേക്ക് മാലിന്യം ഒഴുക്കിവിടുന്ന വിഷയവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ സി.പി.എമ്മിെൻറ രണ്ട് കൗൺസിലർമാർ തമ്മിൽ പരസ്യമായി നഗരസഭ കാര്യാലയത്തിന് മുന്നിൽവെച്ച് വാക്കേറ്റമുണ്ടായി. പ്രശ്നം വിവാദമായപ്പോൾ അന്ന് മാലിന്യപൈപ്പുകൾ അടക്കാതെ ഓടയുടെ ഇളക്കി മാറ്റിയ സ്ലാബുകൾ മൂടുകയായിരുന്നു. പൈപ്പുകൾ അടക്കാൻ നോട്ടീസ് നൽകും -നഗരസഭ സെക്രട്ടറി കരുനാഗപ്പള്ളി: നഗരസഭപരിധിയിൽ ദേശീയപാതയോരത്തെ ഓടകളിലേക്ക് കക്കൂസ് മാലിന്യം ഉൾെപ്പടെ ഒഴുക്കിവിടുന്ന സ്ഥാപനങ്ങൾക്കെല്ലാം മാലിന്യപൈപ്പ് നീക്കം ചെയ്യാൻ നോട്ടീസ് നൽകും. നിശ്ചിത സമയത്തിനുള്ളിൽ ഇത് പാലിക്കാത്ത സ്ഥാപനങ്ങൾക്കുനേരെ കർശനനടപടി സ്വീകരിക്കും. ഓടയുടെ സ്ലാബുകൾ ഇളക്കിമാറ്റി ഓടയിലേക്കുള്ള മാലിന്യപൈപ്പ് അടക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു. പന്ത്രണ്ട് സ്ഥാപനങ്ങൾമാത്രം പൂട്ടിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഈ സ്ഥാപനങ്ങൾക്ക് കാരണം കാണിച്ച് നോട്ടീസ് നൽകിയിരുന്നു. കാലാവധി കഴിഞ്ഞിട്ടും മാലിന്യപൈപ്പ് നീക്കം ചെയ്യാത്തതിനാലാണ് നടപടി സ്വീകരിച്ചതെന്നും സെക്രട്ടറി ഷെർലാബീഗം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.