പ്രളയബാധിതരെ സഹായിക്കാൻ സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര

കൊല്ലം: പ്രളയബാധിതരെ സഹായിക്കാൻ മൂന്നിന് ജില്ലയിലെ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തുമെന്ന് ക്വയിലോൺ ഡിസ്ട്രിക് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഈ ദിവസം ടിക്കറ്റിന് പകരം ബക്കറ്റുമായാണ് കണ്ടക്ടർമാർ യാത്രക്കാരുടെ മുന്നിൽ എത്തുക. ടിക്കറ്റ് ചാർജിന് പകരം ഇഷ്ടമുള്ള തുക യാത്രക്കാർക്ക് സംഭാവനയായി നൽകാം. ദി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷ​െൻറ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ നടക്കുന്ന കാരുണ്യയാത്രയുടെ ഭാഗമായാണ് ജില്ലയിലും സംഘടിപ്പിക്കുന്നത്. സംസ്ഥാനതലത്തിൽ ഏകദേശം മൂന്നുകോടി രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ കലക്ടർ ഡോ. എസ്. കാർത്തികേയൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. എല്ലാവരും ഈ ദിവസം സ്വന്തം വാഹനങ്ങൾ ഉപേക്ഷിച്ച് സ്വകാര്യബസുകളിൽ യാത്ര ചെയ്യണമെന്ന് അസോസിയേഷൻ ഭാരവാഹികൾ അഭ്യർഥിച്ചു. ദി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ലോറൻസ് ബാബു, ജില്ല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം.ഡി. രവി, വൈസ് പ്രസിഡൻറുമാരായ കെ.എ. ജലീൽ, പി. സുന്ദരേശൻ, ജോയൻറ് സെക്രട്ടറിമാരായ വി. ശശിധരൻപിള്ള, എസ്. ശ്രീകുമാർ, ട്രഷറർ എൻ. പ്രസാദ്, ബി. ബാലചന്ദ്രൻപിള്ള എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.