മാനദണ്ഡങ്ങളും കോടതി ഉത്തരവും കാറ്റിൽപ്പറത്തി പൊലീസിൽ കൂട്ട സ്ഥലംമാറ്റം വർഷങ്ങളായി തുടരുന്ന പലർക്കും മാറ്റമില്ല

തിരുവനന്തപുരം: മാനദണ്ഡങ്ങളും ഹൈകോടതി ഉത്തരവുകളും കാറ്റിൽപ്പറത്തി പൊലീസുകാർക്ക് കൂട്ടസ്ഥലം മാറ്റം. തിരുവനന്തപുരം സിറ്റി പരിധിയിലുള്ള പൊലീസുകാരെയാണ് അവരുടെ അപേക്ഷ പോലും പരിഗണിക്കാതെ സ്ഥലം മാറ്റിയത്. എന്നാൽ, വർഷങ്ങളായി ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നവരെ മാറ്റിയില്ലെന്ന ആക്ഷേപവും ശക്തമാണ്. എത്രയും പെട്ടെന്ന് സ്ഥലം മാറ്റം നടപ്പാക്കാനുള്ള കർശന നിർദേശമാണ് ജില്ലാ പൊലീസ് നേതൃത്വം നൽകിയിട്ടുള്ളതും. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് പൊലീസുകാരുടെ സൗകര്യങ്ങൾ കൂടി പരിഗണിച്ചുള്ള സ്ഥലം മാറ്റമാണ് നടപ്പാക്കേണ്ടതെന്നാണ് ഹൈകോടതി ഉൾപ്പെടെ നിർദേശിച്ചിട്ടുള്ളത്. മൂന്നു വർഷം ഒരു സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചു വരുന്ന പൊലീസുകാരന് സ്ഥലം മാറ്റത്തിനായി ഓപ്ഷൻ സമർപ്പിക്കാൻ അവസരമുണ്ട്. ജോലി ചെയ്യാൻ താൽപര്യമുള്ള അഞ്ച് സ്റ്റേഷനുകൾ ഓപ്ഷനായി സമർപ്പിക്കാം. അത്തരത്തിെല അപേക്ഷകൾ പൊലീസുകാരിൽനിന്ന് വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ, പട്ടിക പുറത്തിറങ്ങിയപ്പോൾ പൊലീസുകാർ നൽകിയ ഓപ്ഷനുകളൊന്നും പരിഗണിക്കപ്പെട്ടില്ലെന്ന് സേനാംഗങ്ങൾ പരാതിപ്പെടുന്നു. പൊലീസുകാർക്ക് സ്ഥലംമാറ്റം നൽകുമ്പോൾ അവരുടെ വീട്, ഭാര്യയുടെ വീട് എന്നിവ സ്ഥിതി ചെയ്യുന്ന സ്റ്റേഷൻ പരിധികളിൽ നിയമനം നൽകരുതെന്ന് ഡി.ജി.പിയുടെ സർക്കുലറും നിലവിലുണ്ട്. എന്നാൽ, ലിസ്റ്റിൽ ഉൾപ്പെട്ട പൊലീസുകാരിൽ പലർക്കും അത്തരത്തിെല നിയമനമാണത്രേ ലഭിച്ചിട്ടുള്ളത് . സ്ഥലം മാറ്റത്തിനുള്ള ഓപ്ഷൻ നൽകുന്ന സ്റ്റേഷനിൽ ഒഴിവുണ്ടെങ്കിൽ അവിടെ നിയമനം നൽകണമെന്ന ഹൈകോടതി ഉത്തരവുമുണ്ട്. അതാണ് ലംഘിക്കപ്പെട്ടതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സ്ഥലം മാറ്റത്തിന് പരിഗണിക്കാനായി പട്ടിക സമർപ്പിെച്ചങ്കിലും അത് പരിഗണിച്ചില്ല. എന്നാൽ, പ്രതിപക്ഷാനുകൂല നേതാക്കളിൽ ചിലർക്ക് അപേക്ഷ പോലും നൽകാതെ ഇഷ്ടമുള്ള സ്ഥലത്ത് നിയമനം നൽകിയെന്നും പരാതിയുണ്ട്. 244 പേരെയാണ് സ്ഥലം മാറ്റിയത്. എന്നാൽ, തിരുവനന്തപുരം സിറ്റിയിലെ സ്പെഷൽ യൂനിറ്റുകളായ സ്പെഷൽ ബ്രാഞ്ച്, ക്രൈംബ്രാഞ്ച്, ഡി.സി.ആർ.ബി നാർകോട്ടിക് സെൽ എന്നിവിടങ്ങളിൽ മൂന്ന് വർഷമായ ഒരാളെയും മാറ്റിയിട്ടില്ലെന്നും പൊലീസുകാർ പരാതിപ്പെടുന്നു. കമീഷണർ ഓഫിസിലെ ചിലരുടെ താൽപര്യങ്ങളാണ് സ്ഥലം മാറ്റപട്ടികക്ക് പിന്നിലെന്ന ആക്ഷേപവും ശക്തമാണ്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിനു മുമ്പ് സ്ഥലം മാറ്റ ഉത്തരവ് നടപ്പാക്കണമെന്ന കർശന നിർദേശമാന്ന് നൽകിയിട്ടുള്ളത്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഉത്തരവ് പെട്ടെന്ന് നടപ്പാക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും പൊലീസുകാർ പരാതിപ്പെടുന്നു. മുൻ വർഷങ്ങളിൽ സ്ഥലം മാറ്റ ഉത്തരവ് നടപ്പാക്കാൻ കൂടുതൽ സമയം നൽകാറുണ്ടെന്നും പൊലീസുകാർ പരാതിപ്പെടുന്നു. ബിജു ചന്ദ്രശേഖർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.