പുനലൂർ: കല്ലടയാറ്റിനെ മലീമസമാക്കുന്ന വെട്ടിപ്പുഴ തോടിനെ ശുചീകരിച്ച് വീണ്ടെടുക്കാൻ നഗരസഭ ആവിഷ്കരിച്ച 'പുനർജനി' പദ്ധതിക്ക് തുടക്കമായി. വൻ ജനപങ്കാളിത്തത്തോടെയായിരുന്നു ശുചീകരണം. പ്രകൃതിസംരക്ഷണ സന്ദേശം നിറഞ്ഞ നാടൻ പാട്ടുകളുമായാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടർ സാക്ഷരതാ പഠിതാക്കൾ എത്തിയത്. ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, വിവിധ വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി. മന്ത്രി അഡ്വ. കെ. രാജു കെ.എസ്.ആർ.ടി.സി ജങ്ഷനടുത്ത് വെട്ടിപ്പുഴ തോടിെൻറ കാടുപടർപ്പുകൾ നീക്കം ചെയ്ത് ശുചീകരണം ഉദ്ഘാടനം ചെയ്തു. ജലസ്രോതസ്സുകൾ മാലിന്യമില്ലാതെ കാത്തുസൂക്ഷിക്കേണ്ടത് ജനങ്ങളുടെ കടമയായി കാണണമെന്നും അമ്മയെപ്പോലെ നദിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ ചെയർമാൻ എം.എ. രാജഗോപാൽ പദ്ധതി വിശദീകരിച്ചു.10 ദിനം വിവിധ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ തുടരും. മണ്ണുമാന്തിയന്ത്രസഹായത്താലും തോട് തുറക്കലും മാലിന്യം നീക്കം ചെയ്യലും നടത്തുന്നുണ്ട്. നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാർ, ഗ്രീൻ വളൻറിയർമാർ എന്നിവരും രംഗത്തുണ്ട്. 22 വരെ പവർഹൗസ് വാർഡിലെ തൊഴിലുറപ്പ് പ്രവർത്തകരുൾെപ്പടെ എല്ലാവരുടെയും പങ്കാളിത്തത്തോടെ ജയഭാരതം റോഡിലെ പാലം ഭാഗം വരെ ശുചീകരിക്കും. 23 മുതൽ 25 വരെ കോമളം കുന്ന് വാർഡ് മേഖലയിൽ ചെമ്മന്തൂർ വരെ തോട് ശുചീകരിക്കും. ഇതേ ദിവസങ്ങളിൽ ടൗൺ വാർഡ് നേതൃത്വത്തിൽ എല്ലാവരുടെയും പങ്കാളിത്തത്തോടെ ചെമ്മന്തൂർ കലുങ്ക് ഭാഗം വരെ ശുചീകരിക്കും. 26 മുതൽ 28 വരെ ചെമ്മന്തൂർ മുതൽ എസ്.എൻ കോളജ് ഭാഗം വരെ കോളജ് വാർഡ് നേതൃത്വത്തിൽ ശുചീകരിക്കും. 29 മുതൽ 31 വരെ എസ്.എൻ കോളജ് ഭാഗം മുതൽ ചെമ്മന്തൂർ ആശുപത്രി ജങ്ഷൻ വരെ തോട് ശുചീകരിക്കും. 26 മുതൽ 31 വരെ കൊന്നമൂട് പാലം മുതൽ മുറിഞ്ഞ കലുങ്ക് വരെ ശുചീകരിക്കും. തോട് ശുചീകരണത്തിനു ശേഷം മാലിന്യം തള്ളുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ചെയർമാൻ പറഞ്ഞു. ജില്ലയിലെ നിരവധി കുടിവെള്ള പദ്ധതികൾക്ക് ജലം ശേഖരിക്കാനുള്ള പമ്പ് ഹൗസുകൾ പുനലൂരിലെ കല്ലടയാറ്റിലാണ്. കുടിനീരിനായി ആശ്രയിക്കുന്ന കല്ലടയാറ്റിലേക്ക് തെളിനീർ എത്തിക്കുന്ന മറ്റ് കൈത്തോടുകളെയും സംരക്ഷിക്കാൻ നഗരസഭക്ക് പദ്ധതിയുണ്ടെന്നും പറഞ്ഞു. വൈസ് ചെയർപേഴ്സൻ കെ. പ്രഭ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. വേണുഗോപാൽ, മുനിസിപ്പൽ സ്ഥിരം സമിതി അധ്യക്ഷരായ സുഭാഷ് ജി. നാഥ്, ലളിതമ്മ, വി. ഓമനക്കുട്ടൻ, സാബു അലക്സ്, കൗൺസിലർമാരായ ജി. ജയപ്രകാശ്, കെ.എ. ലത്തീഫ്, സുബി രാജ്സുജാത, സുജി ഷാജി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷ, സി.ഡി.എസ് ചെയർപേഴ്സൻ തസ്ലിമ ജേക്കബ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.