ബാലരാമപുരം: അഡ്മിഷെൻറയും യൂനിഫോമിെൻറയും ഫീസിെൻറയും മറവിൽ വിദ്യാർഥികളെ 'കൊള്ളയടിച്ച്' സ്വകാര്യ സ്കൂളുകൾ. കണ്ടില്ലെന്ന് നടിച്ച് അധികൃതരും. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനുമുമ്പ് അഡ്മിഷനുകളുടെ പേരിൽ വലിയ കൊള്ളയാണ് നടക്കുന്നത്. പരാതിനൽകിയാൽ ഫലമില്ലാത്തതിനാലും കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നമായതിനാലും രക്ഷാകർത്താക്കൾ പലരും മൗനം പാലിക്കുകയാണ്. സ്കൂളുകളിലെ അമിത അഡ്മിഷൻ ഫീസിന് നിയന്ത്രണമില്ലാത്തതാണ് ഇത്തരം കൊള്ളയടി വ്യാപകമാവാൻ കാരണം. കുട്ടികളുടെ എണ്ണത്തെ കുറിച്ച് വ്യക്തമായ രേഖകളും അധികൃതർക്ക് നൽകാറില്ല. സർക്കാർ സ്കൂളുകളുടെ പ്രവർത്തനത്തെ തരംതാഴ്ത്തി കാട്ടിയാണ് സ്വകാര്യ സ്കൂളുകളുടെ കച്ചവടം. വിവിധ സംഘടനകളുടെ പേരിലായതിനാൽ സ്കൂളുകൾക്കെതിരെ എതിർപ്പുമായി ആരും രംഗത്തുവരാത്തതും ഇത്തരക്കാർക്ക് സഹായകമാകുന്നു. ഈ അധ്യയന വർഷം ഓരോ വിദ്യാർഥിയിൽ നിന്ന് മാനേജ്മെൻറ് പതിനായിരത്തിലധികം രൂപയാണ് അഡ്മിഷൻ ഫീസ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പിരിക്കുന്നത്. മറ്റ് വിവിധ ഫണ്ടുകളുടെ പേരിലും രക്ഷാകർത്താക്കളെ പിഴിയുന്നുണ്ട്. മിക്ക സ്കൂളുകളിലും കിഡ്സ് സ്കൂൾ, ഡേ കെയർ സംവിധാനവുമുണ്ട്. ഇവരിൽ നിന്ന് വൻ തുകയാണ് ഡോണേഷൻ ഇനത്തിലും ഫീസ് ഇനത്തിലും വാങ്ങുന്നത്. എൽ.കെ.ജി വിദ്യാർഥികളിൽനിന്ന് 600 രൂപയും അതിന് മുകളിലുമാണ് ഫീസ്. ഡേ കെയറിൽ പഠിക്കുന്ന കുട്ടികൾക്കേ തുടർന്നുള്ള ക്ലാസുകളിൾ പഠിക്കുന്നതിന് ഫീസിനത്തിലും കുറവുണ്ടാകുകയുള്ളൂ. പല സ്കൂളുകളിലും പ്രവേശനം നേടുമ്പോൾ തന്നെ ഫീസ് മുൻകൂറായി ഈടാക്കുന്നുമുണ്ട്. നെയ്യാറ്റിൻകരയിലും ബാലരാമപുരത്തും പ്രവർത്തിക്കുന്ന പ്രമുഖ സ്കൂളുകളിൽ എൽ.കെ.ജി പ്രവേശനത്തിന് പതിനായിരത്തിലേറെ രൂപയാണ് ഈടാക്കുന്നത്. യൂനിഫോമുൾപ്പെടെയുള്ള സ്കൂൾ കിറ്റുകൾ അതത് സ്കൂളിൽ നിന്നുമാത്രമേ വാങ്ങാവൂ എന്ന് നിബന്ധനയുള്ള സ്കൂളുകളും നിലവിലുണ്ട്. അഡ്മിഷൻ ഫീസിെൻറയും മറ്റും മറവിൽ വ്യാപക തട്ടിപ്പ് നടത്തി സർക്കാറിന് ടാക്സ് പോലും നൽകാതെ ലക്ഷങ്ങളാണ് കൊയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനത്തിെൻറ മറവിൽ വൻ തട്ടിപ്പ് നടത്തുന്ന സ്കൂളിനെതിരെ ശക്തമായ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്ത് വരണമെന്ന ആവശ്യവും ശക്തമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.