പകര്‍ച്ചപ്പനി ഇപ്പോഴേ ശ്രദ്ധിച്ചാല്‍ പേടിക്കാനില്ല; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ആരംഭിച്ചതോടെ എല്ലാവരും പകര്‍ച്ചപ്പനികള്‍ക്കെതിരെ കരുതലോടെയിരിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ‍. മുന്‍കരുതലുകളെടുത്താല്‍ ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്‍ 1 തുടങ്ങിയ പകര്‍ച്ചപ്പനികളെ ഫലപ്രദമായി പ്രതിരോധിക്കാം. പകര്‍ച്ചപ്പനികള്‍ വന്നാല്‍ സ്വയം ചികിത്സിക്കാതെ ഉടൻ വിദഗ്ധ ചികിത്സ തേടണം. ആശുപത്രികളില്‍ മതിയായ സൗകര്യവും മരുന്നും ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികള്‍ രോഗം പകരുന്ന വേദിയാകരുത്. ഓരോ ആശുപത്രിയിലും നടന്നുവരുന്ന മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. മാലിന്യ നിര്‍മാര്‍ജനത്തിനും കൊതുക്, എലി, മറ്റ് പ്രാണികള്‍ എന്നിവയുടെ നശീകരണത്തിനും പ്രത്യേക പ്രാധാന്യം നല്‍കണം. രോഗികളും കൂട്ടിരിപ്പുകാരും ശുചിത്വം പാലിക്കണം. ചുറ്റുപാടും ഒരു തുള്ളി വെള്ളം പോലും കെട്ടിനില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുത്. സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിവ നിതാന്ത ജാഗ്രത പാലിക്കണം. മാലിന്യ നിർമാര്‍ജനത്തിന് ഇറങ്ങുന്നവര്‍ കൊതുക് കടിയേല്‍ക്കാതിരിക്കാനുള്ള സ്വയം രക്ഷാമാര്‍ഗങ്ങളും സ്വീകരിക്കണം. അയല്‍ക്കൂട്ടങ്ങള്‍, അംഗൻവാടികള്‍, സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ശില്‍പശാലകള്‍, അവലോകന യോഗങ്ങള്‍, മഴക്കാല പൂര്‍വ ശുചീകരണം, കൊതുകി​െൻറ ഉറവിട നശീകരണങ്ങള്‍, രോഗം പൊട്ടിപ്പുറപ്പെടുന്നിടത്ത് ഊര്‍ജിത ഇടപെടല്‍ തുടങ്ങിയ പദ്ധതികളാണ് നടപ്പാലാക്കുന്നത്. വീടിന് പുറത്തുള്ള ടയര്‍, ഉപേക്ഷിക്കപ്പെട്ട പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ചിരട്ട, ഒഴിഞ്ഞ പ്ലാസ്റ്റിക് കവര്‍, ടയര്‍, ടാര്‍പോളിന്‍, ഉപയോഗമില്ലാത്ത പാത്രങ്ങള്‍, ഉരലുകള്‍, ആട്ടുകല്ല്, പൂച്ചെട്ടികള്‍, ഉപയോഗിക്കുന്നവയും അല്ലാത്തതുമായ ടാങ്കുകള്‍, സണ്‍ഷേഡ്, ഓര്‍ക്കിഡ് ചെടികള്‍, ചെടിച്ചട്ടികള്‍, കോഴിക്കൂടിനും പട്ടിക്കൂടിനും അകത്തുള്ള പാത്രങ്ങള്‍, റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ ഇവയിലെല്ലാം വെള്ളം കെട്ടിനിൽക്കാന്‍ സാധ്യതയുണ്ട്. ഇതെല്ലാം കണ്ടെത്തി വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.