കൊല്ലം: വായനയുടെ വസന്തം വിരിയിച്ച് കൊല്ലം പുസ്തകോത്സവത്തിന് പ്രൗഢമായ തുടക്കം. ജില്ലാ ലൈബ്രറി വികസന സമിതിയുടെ അഭിമുഖ്യത്തിൽ കൊല്ലം ബോയ്സ് എച്ച്.എസ്.എസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പുസ്തകോത്സവത്തിൽ കേരളത്തിലെ ചെറുതും വലുതുമായ 115 പ്രസാധകർ അണിനിരക്കുന്നു. ലക്ഷത്തിലേറെ പുസ്തകങ്ങളുടെ കോപ്പികളാണ് പുസ്തകോത്സവത്തിലുള്ളത്. ചരിത്രത്തിലാദ്യമായി 15,000 ചതുരശ്ര അടിയിൽ വിശാലമായ പവിലിയനാണ് ഇക്കുറി ക്രമീകരിച്ചിരിക്കുന്നത്. അടുത്തിടെ അന്തരിച്ച നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിെൻറ മാന്ത്രിക നോവൽ ദേവപ്രിയ മുതൽ പഴയകാല തലമുറയുടെയും പുതിയ കാലത്തെ എഴുത്തുകാരുടെയും ഒട്ടനവധി പുസ്തകങ്ങളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. തകഴി, വൈക്കം മുഹമ്മദ് ബഷീർ, വൈലോപ്പിള്ളി, എം.ടി. വാസുദേവൻ നായർ, ലളിതാംബിക അന്തർജനം, കമലാ സുറയ്യ, എം. മുകുന്ദൻ, പെരുമ്പടവം ശ്രീധരൻ, ബെന്യാമിൻ, കെ.ആർ. മീര, അമീഷ്, ചേതൻ ഭഗത്, വിക്രം സെയ്ത് തുടങ്ങി പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളും വിൽപനക്കുണ്ട്. ആദ്യമായി കൊല്ലം പുസ്തകോത്സവത്തിനെത്തിയ നാഷനൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ വിലക്കുറവിലാണ് പുസ്തകങ്ങൾ നൽകുന്നത്. സർക്കാറിെൻറ ഗ്രാൻഡ് ലഭിക്കുന്ന 700 ഓളം ലൈബ്രറികളാണ് ജില്ലയിലുള്ളത്. നാല് ദിനം നീളുന്ന പുസ്തകോത്സവത്തിെൻറ ഉദ്ഘാടനം എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ. പി.കെ. ഗോപൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് ചവറ കെ.എസ്. പിള്ള, എക്സി. അംഗം എസ്. നാസർ, കേരള ശബ്ദം എം.ഡി. മധു ബാലകൃഷ്ണൻ, ബോയ്സ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ.എൻ. ഗോപകുമാർ, ഫാഷൻ സുധാകരൻ പിള്ള എന്നിവർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ സ്വാഗതവും കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ബി. മുരളീകൃഷ്ണൻ നന്ദിയും പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കവിതാ സംവാദവും അഞ്ചിന് കവിയരങ്ങും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.