കുളത്തൂപ്പുഴ: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കമ്പ‍്യൂട്ടറുകൾ തകരാറിലായി ദിവസങ്ങൾ കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാനോ പകരം സംവിധാനം ഏർപ്പെടുത്താനോ നടപടിയില്ല. ലക്ഷങ്ങൾ മുടക്കി വാങ്ങിയ ഇലക്േട്രാണിക് ടിക്കറ്റിങ് മെഷീനുകൾ (ഇ.ടി.എം) നോക്കുകുത്തിയായി മാറിയിട്ട് ദിവസം നാലാകുന്നു. കെ.എസ്.ആർ.ടി.സി ആധുനീകരണത്തിെൻറ ഭാഗമായാണ് അന്നന്നുള്ള കലക്ഷൻ റിപ്പോർട്ടുകൾ ചീഫ് ഓഫിസിൽ ലഭിക്കത്തക്കവിധം ഓരോ ഡിപ്പോകളും കമ്പ‍്യൂട്ടർവത്കരിക്കുകയും ഇ.ടി.എം സംവിധാനമേർപ്പെടുത്തുകയും ചെയ്തത്. എന്നാൽ, കഴിഞ്ഞ ദിവസമുണ്ടായ മിന്നലിൽ കുളത്തൂപ്പുഴ ഡിപ്പോയിലെ കമ്പ‍്യൂട്ടർ സെർവർ സംവിധാനം തകരാറിലായി. തുടർന്നുള്ള കലക്ഷൻ വിവരങ്ങൾ ഇ.ടി.എം മെഷീനുകളിൽനിന്ന് ശേഖരിക്കുന്നതിനും റിപ്പോർട്ട് തയാറാക്കാനും കഴിയാതെ വന്നു. ഇതേതുടർന്ന് മുമ്പ് ഉപേക്ഷിച്ച ടിക്കറ്റ് റാക്കും ടിക്കറ്റും വീണ്ടും കുളത്തൂപ്പുഴ ഡിപ്പോയിൽ നിന്നുള്ള ബസുകളിൽ സ്ഥാനം പിടിച്ചു. ഏറെ നാളായി ഉപയോഗിക്കാതിരുന്നതിനാൽ പഴയ ആളുകൾക്കും പുതുതായി ജോലിയിൽ പ്രവേശിച്ചവർക്കും റാക്കും ടിക്കറ്റും ഏറെ ജോലിഭാരമാണ് നൽകുന്നതെന്ന് ജീവനക്കാർ പറയുന്നു. തകരാർ പരിഹരിക്കാൻ കമ്പ‍്യൂട്ടർ സംവിധാനം തിരുവനന്തപുരം ചീഫ് ഓഫിസിലേക്ക് അയച്ചുകൊടുത്തതായി ജീവനക്കാർ പറയുന്നു. അതേസമയം, കമ്പ്യൂട്ടറിെൻറ തകരാറുകൾ പരിഹരിക്കാൻ ചീഫ് ഓഫിസിൽ നിയോഗിച്ച ജീവനക്കാരനെ അദർ ഡ്യൂട്ടി ഒഴിവാക്കുന്നതിെൻറ ഭാഗമായി ഉന്നത ഉദ്യോഗസ്ഥർ തിരിച്ചയച്ചിരുന്നു. കൂടാതെ നിലവിൽ കമ്പ‍്യൂട്ടർ വിദഗ്ധരെ ആരെയും ജോലിക്ക് നിയമിച്ചിട്ടില്ലാത്തതിനാൽ ഇനിയും കാലതാമസമുണ്ടാകുമെന്നുമാണ് ലഭ്യമാകുന്ന സൂചനകളെന്ന് ജീവനക്കാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.