വിദേശയുവതിയുടെ കൊലപാതകം: ലഹരി മാഫിയയുമായുള്ള പ്രതികളുടെ ബന്ധം പരിശോധിക്കുന്നു

* മൃതദേഹം നേരത്തേ കണ്ടിരുന്നെങ്കിലും കേസിൽ കുടുക്കുമെന്ന് ഭയന്ന് വിവരം പെലീസിനെ അറിയിച്ചില്ലെന്ന് പ്രതികൾ തിരുവനന്തപുരം: വിദേശവനിത കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടെ ക്രിമിനൽ പശ്ചാത്തലവും ലഹരിമാഫിയയുമായുള്ള ബന്ധവും പൊലീസ് പരിശോധിക്കുന്നു. കോവളം തീരവും പനത്തുറയും കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് കച്ചവടം സംബന്ധിച്ച് അറസ്റ്റിലായ ഉമേഷും (28) ഉദയകുമാറും (24) പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതുകേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം. ഉമേഷിനും ഉദയകുമാറിനും കൊലപാതകത്തിലുള്ള പങ്ക് തെളിയിക്കുന്നതിനുള്ള ശാസ്ത്രീയ തെളിവുകളോ വ്യക്തമായ സാക്ഷിമൊഴികളോ പൊലീസിന് ലഭിച്ചിട്ടില്ല. ഈ ഘട്ടത്തിൽ ലഹരിമാഫിയ സംഘത്തിലെ സുപ്രധാന കണ്ണികളിലൂടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തി​െൻറ പ്രതീക്ഷ. കോവളം കേന്ദ്രീകരിച്ച് മയക്കുമരുന്നും കഞ്ചാവും വിൽക്കുന്ന ചില സംഘങ്ങളെക്കുറിച്ച് അന്വേഷണസംഘത്തിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വൈകാതെ ഇവരിൽ ചിലർ പൊലീസി‍​െൻറ വലയിലാകുമെന്നാണ് വിവരം. നിരവധി ക്രിമിനൽ കേസിൽ പ്രതികളായ ഇരുവരും വിദേശവനിതയുടെ മൃതദേഹം നേരത്തേതന്നെ പൂനംതുരുത്തിൽവെച്ച് കണ്ടിരുന്നു. എന്നാൽ പൊലീസിനെ പേടിച്ചും കേസിൽ കുടുക്കുമോയെന്ന് ഭയന്നും വിവരം പുറത്ത് അറിയിച്ചില്ലെന്നാണ് ഇരുവരും ഇപ്പോൾ പൊലീസിനോട് പറയുന്നത്. എന്നാൽ, അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. ഇരുവരെയും വ്യാഴാഴ്ച തെളിവെടുപ്പിന് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. എന്നാൽ, പ്രതികളുമായി എത്തുമ്പോൾ പൊലീസിന് നേരെ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണവിഭാഗത്തി‍​െൻറ റിപ്പോർട്ടി‍​െൻറ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പിന് ഇറങ്ങിയില്ല. ശക്തമായ സുരക്ഷയോടെയേ പ്രതികളെ പൂനംതുരുത്തിൽ എത്തിക്കാവൂ എന്ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.